ലണ്ടനിലുള്ള തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവകാംഗങ്ങൾ തങ്ങളുടെ സ്വർഗ്ഗീയ മധ്യസ്ഥതയുടെ തിരുനാൾ ആഘോഷിച്ചു. ജനുവരി 7 ഞായറാഴ്ച ലണ്ടനിലെ പൊള്ളാർഡ്സ് ഹിൽസിലെ സെയിന്റ് മൈക്കിൾസ് ദൈവാലയത്തിലാണ് തിരുനാളാഘോഷം നടന്നത്. തിരുനാളാഘോഷത്തിന്റെ ഭാഗമായി ലഭിച്ച തുകയിൽ ഒരുലക്ഷത്തി പതിനയ്യായിരം രൂപ ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി വിഴിഞ്ഞം ഇടവകയിലെ അഭയം ചരിറ്റബിൾ സൊസൈറ്റിക്കു നല്കി മാതൃകയായി.
ജനുവരി 7 വൈകുന്നേരം 3 മണിക്ക് സിന്ധുയാത്ര മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷണിത്തിന് ശേഷം ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് വിഴിഞ്ഞം ഇടവക വൈദികരായ ഫാ. ജോസ് റീച്ചസ് മുഖ്യ കാർമികത്വവും ഫാ.ജോസ് മൈക്കിൾ വചന പ്രഘോഷണവും നിർവഹിച്ചു. UK യിൽ സേവനം അനുഷ്ഠിക്കുന്ന അതിരൂപത വൈദികരായ ഫാ. ജോൺസൺ അലക്സാണ്ടർ, ഫാ. വിങ്സ്റ്റൻ വാവച്ചൻ, ഫാ. ജോൺ വിക്ടർ എന്നിവർ സഹകാർമ്മികരായി.