മണിപ്പൂർ കലാപം നിയന്ത്രണവിധേയമാക്കണമെന്ന ആവശ്യമുന്നയിച്ച് വിജയപുരം രൂപത. അൻപത് ദിവസങ്ങൾ പിന്നിടുന്ന മണിപ്പൂർ കലാപം നിയന്ത്രണ വിധേയമാക്കണമെന്ന് വിജയപുരം രൂപതാ വൈദിക സമിതി ആവശ്യപ്പെട്ടു. വംശീയഹത്യയിലും അക്രമസംഭവങ്ങളിലും ഉത്കണ്ഠ രേഖപ്പെടുത്തിയ വൈദിക സമിതി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുവാൻ പ്രധാന മന്ത്രിയും രാഷ്ട്രപതിയും ഒരുമിച്ച് ഇടപെടണമെന്നും ആവശ്യപ്പെട്ടു.
മണിപ്പൂരിൽ സമാധാനം പുനഃ സ്ഥാപിക്കപ്പെടുന്നതിനു വേണ്ടിയും, കഷ്ടതകൾ അനുഭവിക്കുന്നവർക്കു വേണ്ടിയും, വിജയപുരം രൂപതയിൽ ഇന്നലെ പ്രത്യേക പ്രാർത്ഥനാ ദിനവും ആചരിച്ചു. കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തച്ചേരിൽ, തൃശൂർ രൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, രൂപതാ വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിൽപറമ്പിൽ, ചാൻസിലർ മോൺസിഞ്ഞോർ ജോസ് നവസ് എന്നിവർ നേതൃത്വം നൽകി.