പരിശുദ്ധ കന്യകാമയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, അമ്മയ്‌ക്കൊപ്പം നടന്ന് തിന്മയ്‌ക്കെതിരെ പോരാടി ജീവിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.
പരിശുദ്ധ അമ്മയുടെ യഥാർത്ഥ വ്യക്തിത്വം കൃപ നിറഞ്ഞവൾ എന്നതാണെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വത്തിക്കാനിൽവച്ച് പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ, ഗബ്രിയേൽ ദൈവദൂതൻ പരിശുദ്ധ അമ്മയെ അഭിവാദ്യം ചെയ്യുമ്പോഴാണ് തന്റെ യഥാർത്ഥ വ്യക്തിത്വം പരിശുദ്ധ അമ്മയ്ക്ക് മുൻപിൽ വെളിവാകുന്നതെന്നും, കൃപ നിറഞ്ഞവൾ എന്ന പേര് വിളിക്കുന്നതിലൂടെ ദൈവം തന്റെ വലിയൊരു രഹസ്യമാണ് വെളിപ്പെടുത്തുന്നതെന്നും പാപ്പാ പറഞ്ഞു.
ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന അവസരത്തിൽ ഇതുപോലെ ഒരു കൃപയാണ് നമുക്കും ലഭിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ജ്ഞാനാനസ്‌നാനത്തിൽ നാം ദൈവം സ്നേഹിക്കുന്ന മക്കളായി മാറുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ ജീവിതത്തിന്റെ ആദ്യ നിമിഷം മുതൽ പരിശുദ്ധ അമ്മയുടെ ജീവിതത്തെ മനോഹരമാക്കിയ കൃപയാൽ ഇന്നത്തെ ദിവസം അവൾ നമ്മുടെ ഉള്ളിലെ മനോഹാരിതയെ ഓർത്ത് വിസ്മയിക്കാൻ നമ്മെയും പ്രേരിപ്പിക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.
മാമ്മോദീസ സ്വീകരണവേളയിൽ ഉപയോഗിക്കപ്പെടുന്ന വെളുത്ത വസ്ത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, കടന്നുപോയ വർഷങ്ങളിൽ നാം പാപക്കറകൾ പിടിപ്പിച്ച ജീവിതത്തിനു കീഴിൽ നമ്മിൽ വലിയൊരു നന്മ അടങ്ങിയിട്ടുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മെ സ്നേഹിക്കുന്നുവെന്നും, നമ്മോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്നും, നമ്മുടെ ജീവൻ തനിക്ക് അമൂല്യമാണെന്നും പറയുന്ന ദൈവത്തെ ശ്രവിക്കുവാൻ നമുക്ക് പരിശ്രമിക്കാമെന്ന് ഓർമ്മിപ്പിച്ച പാപ്പാ നമ്മുടെ വീഴ്ചകളിലും നിരാശകളിലും നമ്മിലെ യഥാർത്ഥ കൃപയെക്കുറിച്ച് ഓർക്കാമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവിതത്തിലും ജീവിതവിശുദ്ധിയും ജീവിതത്തിന്റെ ഭംഗിയും കാത്തുസൂക്ഷിക്കാൻ ആന്തരികമായ ഒരു പോരാട്ടം നടത്തേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മ ദൈവത്തോട് സമ്മതം മൂളുന്നതിലൂടെ അവളുടെ ഉള്ളിലെ സ്ഥൈര്യമാണ് വെളിവാകുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. നന്മ തിരഞ്ഞെടുക്കുവാനും, തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാനും എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് നമ്മുടെ ജീവിതാനുഭവങ്ങളിലൂടെ നമുക്കറിയാമെന്ന് പാപ്പാ പറഞ്ഞു.
പാപമില്ലാതിരുന്ന ഏക മനുഷ്യവ്യക്തിയായ പരിശുദ്ധ അമ്മ, നമ്മുടെ ആധ്യാത്മികപോരാട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടെന്നത് നമുക്ക് ധൈര്യമേകുന്ന ഒരു വസ്തുതയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് തിന്മയ്‌ക്കെതിരായ യുദ്ധത്തിൽ മുന്നോട്ടുപോകുവാനും, നമ്മുടെ ആദിമഭംഗി തിരികെപ്പിടിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.
അമലോത്ഭവമാതാവിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ വച്ച് നടത്തിയ ത്രികാലജപപ്രാർത്ഥനാമദ്ധ്യേയാണ് പരിശുദ്ധ അമ്മയുടെ ജീവിതവിശുദ്ധിയേയും ഓരോ ക്രൈസ്തവനും ജീവിക്കേണ്ട വിശുദ്ധിയെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചത്.