ലോക്സഭാ ഇലക്ഷന് മുന്നോടിയായി വലിയ ഇടവകയിലെ ചൈൽഡ് പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ വലിയതുറയിലെ അടിയന്തര ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥികൾക്ക് നിവേദനം സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനും നേരിട്ട് നിവേദനം സമർപ്പിച്ചു. എന്നാൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരനെ നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ തീരദേശ മേഖലയിലെ എൻഡിഎ കൺവീനറായ ശ്രീ. ഉണ്ണിക്കണ്ണനു നിവേദനം നൽകി. പ്രധാനമായും നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആവശ്യങ്ങൾ ഇവയൊക്കെയാണ് : ഒന്നാമതായി രാജകീയ പ്രൗഢിയോടെ നിലനിന്നിരുന്ന ചരിത്ര പാരമ്പര്യമുള്ള വലിയതുറ കടൽപ്പാലം എത്രയും വേഗം സംരക്ഷിക്കുക.രണ്ടാമതായി,തീരദേശത്തിലെ കുട്ടികൾക്ക് കായികമായി വളരുന്നതിനും വിനോദങ്ങൾക്കുമായി നിലനിന്നിരുന്ന വലിയതുറ ഗ്രൗണ്ട് അതിന്റെ പൂർവസ്ഥിതിയിൽ എത്തിക്കുക എന്നതും, മൂന്നാമതായി, തീരശോഷണമനുഭവിക്കുന്ന വലിയതുറയിൽ തീരം സംരക്ഷിക്കാൻ നടപടികൾ എടുക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ്. പ്രധാനമായും വിഴിഞ്ഞം രാജ്യന്തര തുറമുഖ നിർമ്മാണത്തിനുശേഷം തീരത്ത് സംഭവിച്ച മാറ്റങ്ങൾ വളരെ വ്യക്തമായി കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങൾക്ക് ആരും മുൻകൈ എടുക്കുന്നില്ലെന്നും എടുത്താൽ തന്നെ പ്രാബല്യത്തിൽ വരാൻ വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് കത്തിൽ ഉന്നയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികളും തുടർനടപടികളും കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചു. വലിയതുറ ഇടവകയിലെ ചൈൽഡ് പാർലമെന്റിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനം സമർപ്പിക്കാൻ മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.