മഹാപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം നടത്തിയ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളെ, മൂന്ന് വർഷം നീണ്ടുനിന്ന വിവിധ പദ്ധതികളിലൂടെ സഹായിച്ച് ഉര്‍സുലൈന്‍ സന്ന്യാസസഭ. 2018 ഡിസംബറില്‍ അനുമോദനയോഗവും സാമൂഹ്യസാമ്പത്തിക പഠനവും നടത്തി ആരംഭം കുറിച്ച പദ്ധതികളാണ് സെപ്തംബര്‍ 4 -ാം തീയതി, പദ്ധതി പ്രകാരമുള്ള ആറാമത്തെ ഭവനാശീർവ്വാദത്തോടെ പൂർത്തിയായത്. സർവ്വേകണ്ടെത്തലുകളുടെ വെളിച്ചത്തിൽ അരക്കോടിയോളം രൂപയുടെ വിവിധ പദ്ധതികളാണ് ഉർസുലൈന്‍ സാമൂഹ്യസേവന വിഭാഗമായ ഉര്‍സുലൈന്‍ സോഷ്യല്‍ ആക്ഷന്‍ വഴിയായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഭവന സന്ദര്‍ശനത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പഠനമേശ, ബെഡ്, അലമാര, കട്ടില്‍, മിക്സി, ജി. പി. എസ്. തുടങ്ങിയവ വാങ്ങി നൽകിയത് കൂടാതെ 5000 രൂപാ വിലയുള്ള പ്രത്യേക സമ്മാനക്കിറ്റും സന്യാസസഭ നൽകിയിരുന്നു.
ഭവനമെയിന്‍റനന്‍സ്, ഭവനനിര്‍മ്മാണം തുടങ്ങിയവയുൾപ്പെടെയാണ് 50 ലക്ഷം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികളാണ് ഈ കാലയളവിൽ നടപ്പിൽ വരുത്തിയത്. മൂന്നു വർഷമായി തുടരുന്ന ഈ പദ്ധതികൾ സെപ്തംബര്‍ മാസത്തോടെയാണ് പൂര്‍ത്തിയാക്കപ്പെടുന്നത്. മൊത്തം ആറ് ഭവനങ്ങള്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചതിൽ, അവസാനഭവനമായ ജേക്കബ്-വ്യര്‍ജിന്‍മേരി ദമ്പതികളുടെ ഭവനാശിര്‍വാദം സെപ്തംബര്‍ 4 -ാം തീയതി വിഴിഞ്ഞം, മുക്കോലയില്‍ വച്ച് നടന്നു. വിഴിഞ്ഞം ഇടവകവികാരി ബഹു. ഫാ: മൈക്കില്‍ തോമസ് ആശീർവ്വാദകർമ്മം നിർവ്വഹിച്ചു. ഭവന ആശിര്‍വാദത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹു. ശ്രീ. എം. വിന്‍സെന്‍റ് എം എല്‍ എ നിര്‍വ്വഹിച്ചു. ഭവനത്തിന്‍റെ താക്കോല്‍ ദാനചടങ്ങ് വിഴിഞ്ഞം ഇടവകവികാരി ഫാ: മൈക്കിള്‍ തോമസ്, ഉര്‍സുലൈന്‍ കോണ്‍വെന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍. ഷെറിന്‍ മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ ഫാ: മൈക്കിള്‍ തോമസ് അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. പനിയടിമ, ഉര്‍സുലൈന്‍ കോണ്‍വെന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍. ഷെറിന്‍ മാത്യൂ, ഇടവക സെക്രട്ടറി ശ്രീ. സഹായം, ബി.സി.സി. കോഡിനേറ്റര്‍ ശ്രീ. ലിയോ സ്റ്റാന്‍ലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഉര്‍സുലൈന്‍ സോഷ്യല്‍ ആക്ഷന്‍ കോഡിനേറ്റര്‍ സിസ്റ്റര്‍. ജോത്സന ആമുഖഭാഷണം നടത്തി. ശ്രീമതി അനിതാ ആരോഗ്യദാസ് നന്ദി അര്‍പ്പിച്ചു.
തീരദേശമേഖലയിലെ രക്ഷാപ്രവര്‍ത്തകരുടെ മഹത്തായ സേവനം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും, ക്ഷേമപദ്ധതികളില്‍ അവരെ കൂടുതൽ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച റവ. ഫാ. മൈക്കിള്‍ തോമസ് പറഞ്ഞു. അനേകം രക്ഷാപ്രവര്‍ത്തകര്‍ ഇനിയും ഭവനരഹിതരായിരിക്കുന്ന പശ്ചാതലത്തില്‍ അവരുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും അഭിപ്രായപ്പെട്ടു. ജപ്തിഭീഷണിയിലും കടക്കെണിയിലും ആയിരിക്കുന്ന കേരളത്തിന്‍റെ സൈന്യത്തിന് കടാശ്വാസം പ്രഖ്യാപിക്കണമെന്നും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന അവരെ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നും ഉര്‍സുലൈന്‍ സോഷ്യല്‍ ആക്ഷന്‍ കോഡിനേറ്റര്‍ സിസ്റ്റര്‍ ജോത്സ്നാ പറഞ്ഞു.