തിരുവനന്തപുരം: ഇന്ത്യയിൽ വർത്തമാനകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സാമൂഹ്യ വിഷയമാണ് ജാതി സെൻസസ്. രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ പിന്നോക്ക ജനത പാർശ്വവത്കൃതരായാണ് ഇന്നും ജീവിക്കുന്നത്. ഭൂമി അടക്കമുള്ള പൊതുവിഭവങ്ങളുടെ മേൽ പങ്കാളിത്തമില്ലാതെയും അധികാര മേഖലയിൽ മതിയായ പ്രാതിനിധ്യമില്ലാതെയും കടലോരങ്ങളിലും ചേരികളിലും കോളനികളിലും പുറംപോക്കുകളിലുമായി അവർ ജീവിതം തള്ളിനീക്കുന്നു. ഭരണകൂടങ്ങളും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വവും എക്കാലത്തും സമൂഹത്തിൽ ജാതീയമായ സാമൂഹ്യ അധികാരങ്ങൾ കയ്യാളുന്ന വരേണ്യ വിഭാഗങ്ങളുടെ താല്പര്യ സംരക്ഷകരാകുന്നതായാണ് നാം കണ്ടുവരുന്നത്. സമഗ്രമായ സാമൂഹ്യ – സാമ്പത്തിക – ജാതി സെൻസസ് എന്നത് നമ്മുടെ സംസ്ഥാനത്തെ യഥാർത്ഥ സ്ഥിതി വിവരകണക്കുകൾ പുറത്തു കൊണ്ടുവരാൻ ഉപകരിക്കും. വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ ചർച്ച ചെയ്യപ്പെടണം. അധികാരവും പൊതുവിഭവങ്ങളും ആനുപാതികമായി പങ്കുവയ്ക്കപ്പെടുന്നിടത്താണ് ജനാധിപത്യം ഉറപ്പിക്കപ്പെടുന്നത്.
കേരളത്തിൽ ഭരണം കയ്യാളുന്നവരും പ്രതിപക്ഷമടക്കം എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ജാതി സെൻസസ് വിഷയത്തിൽ ഗൂഢമായ മൗനം തുടരുകയാണ്. ആ മൗനത്തെ അംഗീകരിച്ചു കൊടുക്കാൻ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾ തയ്യാറല്ലായെന്ന് പ്രഖ്യാപിക്കുന്നു. സംസ്ഥാനത്ത് സമഗ്രമായ സാമൂഹ്യ – സാമ്പത്തിക ജാതി സെൻസസ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് ആദിവാസി പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങൾ സംയുക്തമായി ‘ ആക്ഷൻ കൗൺസിൽ ഫോർ സോഷ്യോ – ഇക്കണോമിക് ആൻ്റ് കാസ്റ്റ് സെൻസസ് എന്ന പേരിൽ സംയുക്ത വേദി രൂപീകരിച്ചു. കേരള മുസ്ളീം ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവിയെ ചെയർമാനായും കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ ജനറൽ കൺവീനറായും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസിനെ ട്രഷററായും തെരഞ്ഞെടുത്തു.
ജാതി സെൻസസിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ഈ ആവശ്യത്തിൻമേൽ മാർച്ച് 5 , 6 തീയതികളിലായി ഘടക സംഘടനകളുടെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന രാപ്പകൽ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. രണ്ടാം ദിനമായ മാർച്ച് 6 ന് ഓരോ ഘടക സംഘടനകളുടേയും ആയിരക്കണക്കിന് പ്രവർത്തകർ രാപ്പകൽ സമരത്തിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തും. സർക്കാർ ജാതി സെൻസസ് നടത്താൻ തയ്യാറാകാത്ത പക്ഷം മാർച്ച് 6 ന് സമരമുഖത്ത് ആക്ഷൻ കൗൺസിൽ യോഗം ചേർന്ന് തുടർ പ്രക്ഷോഭം പ്രഖ്യാപിക്കും. സാമൂഹ്യനീതിക്കുവേണ്ടിയുള്ള നാടിൻ്റെ പോരാട്ട ചരിത്രത്തിലെ എക്കാലത്തേയും ഒരുജ്ജ്വല ഏടായി ജാതി സെൻസസിന് വേണ്ടിയുള്ള ഈ സമരത്തെ ചരിത്രം രേഖപ്പെടുത്തും.