സുരക്ഷിത ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കുകയും ഹരിതസൗഹൃദ ജീവിതശൈലി ശീലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ബിഷപ്പ് ക്രിസ്തുദാസ് അഭിപ്രായപ്പെട്ടു. പ്രകൃതി ചൂഷണത്തിന്റെ അനന്തര ഫലങ്ങൾ ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് കർഷകരെയും തീരദേശ മേഖലയിൽ തമാസിക്കുന്നവരെയുമാണെന്നും പാർശ്വവത്കരിക്കപ്പെട്ട സമൂഹം പ്രകൃതി ചൂഷണമൂലം നാം സൃഷിടിക്കുകയാണെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു.
കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യവിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മേഖലയിലെ സാമൂഹ്യ പ്രവർത്തകർക്കുവേണ്ടിയുള്ള ദ്വിദിന ശിൽപശാല ട്രിവാൻഡ്രം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിസ് പാപ്പയുടെ ലൗദാത്തോ സി എന്ന ചാക്രിക ലേഖനം പ്രകൃതി പരിപോഷണത്തെ അടിസ്ഥാനപെടുത്തി ഹരിത ചട്ടം നടപ്പിലാക്കുന്നതിനായുള്ള ശില്പശാല തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയിൽ വച്ചു സംഘടിപ്പിച്ചു. കേരള സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സബ്ബാസ് ഇഗ്നേഷ്യസ് സ്വാഗതം ആശംസിക്കുകയും പാറശാല രൂപതയുടെ സാമൂഹ്യ വിഭാഗമായ ക്ഷേമയുടെ ഡയറക്ടറും മുൻ കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടറുമായ ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ മുഖ്യപ്രഭാഷണവും നൽകി. ഹരിതചട്ടത്തെ അടിസ്ഥമാക്കി വിവിധ വിഷയങ്ങളെക്കുറിച്ച് കാരിത്താസ് ഇന്ത്യ മാനേജർ ഡോ. വി ആർ ഹരിദാസ് ക്ലാസ്സുകൾ നയിച്ചു.