തിരുവനന്തപുരം: ഫ്രാൻസിസ് സേവ്യർ വിശുദ്ധനായി പ്രഖ്യാപിക്കപെട്ടത്തിന്റെ 400 മത് വാർഷികാചരണത്തോട് അനുബന്ധിച്ചു കടലിലൂടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം നടത്തി പള്ളം ഇടവക . മാർച്ച് 12 വൈകുന്നേരം 5:30ന് പള്ളം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ അതിരൂപത സഹായമെത്രാൻ ക്രിസ്തുദാസ് ആർ മുഖ്യകാർമ്മികത്വം വഹിച്ചു. ദിവ്യബലിയിൽ 15-ഓളം വൈദീകർ, സന്യസ്തർ, നിരവധി വിശ്വാസികൾ പങ്കെടുത്തു. ദിവ്യബലിക്കു ശേഷം വിശുദ്ധന്റെ നാമധാരികളെ ആദരിച്ചു.
അലങ്കരിച്ച നിരവധി വള്ളങ്ങളുടെ അകമ്പടിയോടെ പള്ളം പള്ളിയിൽ നിന്നും പൂവാർ മുതൽ അടിമലത്തുറ വരെയാണ് വിശുദ്ധന്റെ സ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം നടന്നത്. അന്നേദിവസം രാവിലെ 11 മണിക്ക് പ്രത്യേക വണക്കവും തുടർന്ന് സ്‌നേഹവിരുന്നും രാത്രി 11 മണിക്ക് ‘രക്ഷകൻ’ എന്ന ബൈബിൾ നാടകവും സംഘടിപ്പിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത ഹെറിറ്റേജ് കമ്മീഷന്റെ സഹകരണത്തോടെ ഇടവ വികാരി ഫാ. ബിജിനാണ് കടലിലൂടെയുള്ള പ്രദക്ഷിണത്തിന് നേതൃത്വം നൽകിയത് .