റിപ്പോർട്ടർ: Satheesh George
കരുണയുടെ അജപാലനം മുഖമുദ്രയാക്കി പ്രവർത്തനം കാഴ്ചവയ്ക്കുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബശുശ്രൂഷ സമിതി ‘ക്രിസ്തുമസ് സ്മൈൽ 2021’ ന്റെ ഉദ്ഘാടനവും കൃതജ്ഞതാദിനാചരണവും നടന്നു. ഞായറാഴ്‌ച്ച വെള്ളയമ്പലം കുടുംബശുശ്രൂഷ കാര്യലയത്തിൽ വച്ച് നടന്ന പരിപാടിയിൽ അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം പിതാവും, അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവും മുഖ്യാതിഥികളായിരുന്നു.
അതിരൂപതയിലെ 1500 ഓളം വരുന്ന ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെയും, ശാരീരിക – മാനസിക വെല്ലുവിളി നേരിടുന്നവരുടെയും കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കുന്ന കരുണയുടെ പരിപാടിയാണ് ‘ക്രിസ്തുമസ് 2021’. ഇതിനോടനുബന്ധിച്ച് കുടുംബശുശ്രൂഷ പ്രവർത്തകർ ഈ സഹോദരങ്ങളെ അവരായിരിക്കുന്ന ഭവനങ്ങളിൽ സന്ദർശിക്കുകയും ആത്മീയ – സാന്ത്വന പരിചരണത്തോടൊപ്പം 1000 രൂപയുടെ സ്നേഹസമ്മാനവും കൈമാറുന്നു. അഭിവന്ദ്യ സൂസപാക്യം സൂസപാക്യം പിതാവ് സമ്മാന കിറ്റുകൾ ആശീർവദിച്ച് ഫെറോന ആനിമേറ്റർമാർക്ക് കൈമാറികൊണ്ട് ‘ക്രിസ്തുമസ് സ്മൈൽ 2021’ ഉദ്ഘാടനം ചെയ്തു.
അതോടൊപ്പം കുടുംബശുശ്രൂഷയുടെ കാരുണ്യപ്രവർത്തനങ്ങൾക്കും സാന്നിദ്ധ്യമായും സേവനമായും പ്രാർത്ഥനയായും സാമ്പത്തികമായും സഹായിച്ചുകൊണ്ടിരിക്കുന്ന സുമനസ്സുകളുടെ സംഗമവും ക്രിസ്തുമസ്സ് ആഘോഷവും സംഘടിപ്പിച്ചു. അതിരൂപതയിൽ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്റെയും ഒരു സംസ്കാരം വളർന്നുവരുന്നതിൽ കുടുംബശുശ്രൂഷയുടെ പങ്ക് വളരെ വലുതാണന്ന് കൃതജ്ഞത സന്ദേശത്തിൽ സൂസപാക്യം പിതാവ് പറഞ്ഞു. സഹജീവികളുടെ വേദനയിൽ കരുണയോടെ താങ്ങും തണലുമാകുമ്പോഴാണ് ക്രിസ്തു നമ്മുടെ ഹൃത്തിൽ പിറക്കുന്നൂവെന്ന് തന്റെ ക്രിസ്തുമസ് സന്ദേശമായി ക്രിസ്തുദാസ് പിതാവ് പങ്കുവച്ചു.
പ്രസ്തുത യോഗത്തിൽ അതിരൂപത ശുശ്രൂഷ കോ-ഓഡിനേറ്റർ ഫാ. തോമസ് നെറ്റോ, മോൺ. യൂജിൻ എച്ച് പെരേര, സിസ്റ്റർ ഡോ.സെലിന്റ, ശ്രീ. ടോംസ് കാഞ്ഞിരമ്പാറ എന്നിവർ ആശംസകളും തങ്ങളുടെ കുടുംബശുശ്രൂഷ പ്രവർത്തനത്തിന്റെ അനുഭവങ്ങളും പങ്കുവച്ചു. തുടർന്ന് അൽമായരുടെയും സന്യസ്തരുടെയും കരോൾ ഗാനാലാപനവും ശ്രീ. ഫ്രഡറിക് പെരേര, ശ്രീമതി അയോണ റ്റീച്ചർ, ഫാ.ആൽബർട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ഗെയുമുകളും സംഘടിപ്പിച്ചു.
കുടുംബശുശ്രൂഷയിലെ ബധിരഫോറത്തിലെ അംഗങ്ങൾ അവരുടെ ശാക്തീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച കുടകൾ ചടങ്ങിൽ പങ്കെടുത്ത കുടുംബങ്ങൾക്കും വൈദീകർക്കും സന്യസ്തർക്കും ക്രിസ്തുമസ് സമ്മാനമായി നൽകി. 2021 ഡിസംബർ 22 മുതൽ ക്രിസ്തുമസ് സ്മൈൽ 2021 ന്റെ ഭാവന-സ്ഥാപന സന്ദർശനങ്ങൾ ആരംഭിക്കും. 2020 ക്രിസ്തുമസ് കാലത്ത് കുടുംബ ശുശ്രൂഷ 100 കിടപ്പ് രോഗികളെ സന്ദർശിച്ച് ഇതേ മാതൃകയിൽ പ്രവർത്തനം നടത്തിയിരുന്നു. കുടുംബശുശ്രൂഷ സമിതി ഇതുവരെ മൂന്ന് കോടി അറുപത് ലക്ഷത്തോളം രൂപ വിവിധ കാരുണ്യപദ്ധതികളിലൂടെ ചിലവഴിചച്ചതായി കുടുംബ ശുശ്രുഷ ഡയറക്ടർ എ ആർ ജോൺ പറഞ്ഞു.