വത്തിക്കാന്‍ സിറ്റി: പരമ്പരാഗത ലത്തീൻ ദിവ്യബലി ഇഷ്ടപ്പെടുന്നവരുടെ വാർഷിക തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ഈ വർഷം വത്തിക്കാനിൽ എത്തിച്ചേർന്നത് ആയിരക്കണക്കിന് വിശ്വാസികളും വൈദികരും. ഒക്ടോബർ 27 മുതൽ 29 വരെയായിരുന്നു ‘സമോറം പൊന്തിഫിക്കം പിൽഗ്രിമേജ്’ എന്ന പേരിൽ അറിയപ്പെടുന്ന തീർത്ഥാടനം നടന്നത്.
1962-ലെ ട്രെഡന്റൈൻ പാരമ്പര്യത്തിലുള്ള അസാധാരണ ദിവ്യബലി ക്രമം അനുസരിച്ച് സഭയിലെ ഏതു വൈദികന് വേണമെങ്കിലും ദിവ്യബലി അർപ്പിക്കാനുള്ള അവകാശം അനുവദിച്ചു നൽകുന്ന വിധത്തിൽ നയം വ്യക്തമാക്കി 2007ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ‘സമോറം പൊന്തിഫിക്കം’ എന്ന പേരിൽ അപ്പസ്തോലിക ലേഖനം പുറത്തിറക്കിയിരുന്നു. ഈ പേര് തന്നെയാണ് തീർത്ഥാടനത്തിന് നൽകിയിരിക്കുന്നത്.
2021 ജൂലൈ പതിനാറാം തീയതി ഫ്രാൻസിസ് മാർപാപ്പ ട്രഡീഷനിസ് കസ്റ്റോഡിസ് എന്ന പേരിൽ വൈദികർക്ക് പരമ്പരാഗത ലത്തീൻ ദിവ്യബലി അർപ്പിക്കുന്നതിൽ പരിധികൾ നിശ്ചയിച്ചുകൊണ്ട് മോട്ടു പ്രോപ്രിയോ (സ്വയാധികാര പ്രബോധനം) പുറത്തിറക്കിയിരിന്നു.
ഖസാക്കിസ്ഥാനിലെ അസ്താന രൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് അത്തനേഷ്യസ് ഷ്നീഡർ സെന്റ് മേരി ആൻഡ് ദ മാർട്ടഴേസ് ദേവാലയത്തിൽ ചൊല്ലിയ യാമ പ്രാർത്ഥനയോടുകൂടിയാണ് വെള്ളിയാഴ്ച തീർത്ഥാടനം ആരംഭിച്ചത്. അദ്ദേഹത്തോടൊപ്പം പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന സന്യാസ സമൂഹങ്ങളിലെ അംഗങ്ങളും, നിരവധി രൂപത വൈദികരും പങ്കെടുത്തു. ശനിയാഴ്ച രാവിലെ സെന്റസ് സെൽസോ ആൻഡ് ജൂലിയാനോ ദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ ആരാധനയിലും പ്രദക്ഷിണത്തിലും നിരവധി തീർത്ഥാടകർ പങ്കെടുത്തതും ശ്രദ്ധേയമായി.