റോം: ഇറ്റലിയിലെ ഗ്രെസ്സിയോ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ആദ്യമായി ഒരുക്കിയ തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചതിന്റെ എണ്ണൂറാമത് വാര്‍ഷികം പ്രമാണിച്ച് ഇക്കൊല്ലം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നിര്‍മ്മിക്കുന്ന തിരുപ്പിറവി ദൃശ്യം വിശുദ്ധന് നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തിന്റെ തനിപകര്‍പ്പായിരിക്കുമെന്ന് വത്തിക്കാന്‍. ഡിസംബര്‍ 9ന് അനാവരണം ചെയ്യുന്ന പുൽക്കൂട് 2024 ജനുവരി 7 വരെ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും.
1223-ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് ആദ്യ തിരുപ്പിറവി ദൃശ്യം നിര്‍മ്മിക്കുന്നത്. അതേ വര്‍ഷം തന്നെ ഹോണോറിയസ് മൂന്നാമന് പാപ്പ ഫ്രിയാര്‍ മൈനറുകളെ സംബന്ധിക്കുന്ന ഫ്രാന്‍സിസ്കന്‍ നിയമങ്ങള്‍ക്ക് അംഗീകാരവും നല്കി. ഇതിന്റെ വാര്‍ഷിക സ്മരണക്കായി ഇക്കൊല്ലത്തെ വത്തിക്കാനിലെ തിരുപ്പിറവി ദൃശ്യത്തിന് ഫ്രാന്‍സിസ്കന്‍ ശൈലിയായിരിക്കും ഉണ്ടായിരിക്കുക. വിശുദ്ധ നാട്ടിലെ സന്ദര്‍ശനം കഴിഞ്ഞ് ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിന് ഗ്രെസ്സിയൊ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തേക്കുറിച്ചുള്ള ഫ്രാന്‍സിസ്കന്‍ എഴുത്തുകാരനായ ടോമാസ്സോ ഡാ സെലാനോയുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഇക്കൊല്ലത്തെ തിരുപ്പിറവി ദൃശ്യം സന്ദര്‍ശകരെ 1223-ലേക്ക് തിരികെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.