വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ അതിരൂപത ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വിഴിഞ്ഞത്തെ സമരവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതിയുമായി സമരസമിതിയുടെ ചർച്ചയും ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് ചർച്ചയ്ക്കായി മന്ത്രിമാരെത്തിയെങ്കിലും സമരസമിതി നേതാക്കൾ ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറായില്ല. ചർച്ച ഔദ്യോഗികമായി അറിയിക്കാത്തത് കൊണ്ടാണ് ചർച്ചയിൽ പങ്കെടുക്കാത്തത് എന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ എച്ച് പേരേര പറഞ്ഞു. രൂപതാ പ്രതിനിധികൾക്കൊപ്പം ചർച്ചയിൽ പങ്കെടുപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കരയും കടലും ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. പെരുമാതുറ മുതലപ്പൊഴി സ്വദേശികളാണ് ഇന്ന് വള്ളങ്ങളിലെത്തി തുറമുഖത്തിന്റെ കടൽ മാർഗം ഉപരോധിക്കുക. സമരം മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളും നടപ്പിലാക്കുംവരെയും ശക്തമായ സമരനയവുമായി മുന്നോട്ട് പോകാൻ തന്നെയാണ് സമരസമിതിയുടെ തീരുമാനം.