കടലും കരയുമുപരോധിച്ചുള്ള സമര ശേഷം തുറമുഖത്ത് ഒത്തുകൂടിയ ജനങ്ങളോട് മത്സ്യകച്ചവട സ്ത്രീകൾ പൊതുസമൂഹത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥകളെപ്പറ്റി പൂന്തുറ ഇടവക വികാരി ഫാ. എ. ആർ ജോൺ സംസാരിച്ചു. രണ്ടരലക്ഷം പട്ടിണി പാവങ്ങളുടെ വയറ്റിൽ ചവിട്ടിക്കൊണ്ടുള്ള ഒരു വികസനവും ഇവിടെ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ പട്ടിണി കിടന്നിട്ടായാലും ഈ സമരം വിജയിക്കാതെ പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സമരത്തിന്റെ ഉത്ഘാടനം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ നിർവഹിച്ചു. ഇത്രയേറെനാൾ സമരം ചെയ്തിട്ടും പണ്ടത്തേതു പോലെ അധികാരികൾ വാഗ്ദാനങ്ങൾ നൽകുന്നുവെന്നല്ലാതെ അവയിലൊന്നും തന്നെ യാഥാർഥ്യമാക്കുന്നില്ല എന്നതാണ് വാസ്തവം. അന്നം തരുന്ന കടലമ്മയെ തീരജനതക്ക് അന്യമാക്കി മാറ്റുന്നു. ഇതാണ് സർക്കാരിന്റെ വികസനം. തീരം,ഭവനം, തൊഴിൽ, ജീവിതം എന്നിവ തിരികെ തരണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം തയ്യാറാക്കിയ ഗാനം സമരത്തിനെത്തിയ ജനങ്ങൾക്കൊപ്പം ഏറ്റുപാടികൊണ്ടാണ് സമരം ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്.
എറണാകുളം അങ്കമാലി അതിരൂപതയെ പ്രതിനിധീകരിച്ചു സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫാ. ജോയ്സൺ സംസാരിച്ചു. ഇവിടെ തുറമുഖം പണിയുന്നതല്ല യഥാർത്ഥ വികസനം. തീരത്തെ ജനങ്ങളുടെ സുരക്ഷിതത്വവും കടലിലെ മത്സ്യസമ്പത്തുമാണ് വികസനം. ഇവയൊക്കെയൊഴിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെ ഏത് അർത്ഥത്തിലാണ് അധികാരികൾ വികസനമെന്നു പറയുന്നതെന്ന് അദ്ദേഹം ചോദ്യമുയർത്തി.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സൗത്ത് കേരള കർമ്മലീത്ത പ്രൊവിൻഷാളും സമൂഹവും, ഡോൺ ബോസ്കോ സലേഷ്യൻ സമൂഹവും, അതിരൂപതയിലെ ജൂബിലി മെമ്മോറിയൽ ആശുപത്രി അധികൃതരും ആശുപത്രിയോടൊപ്പം പ്രവർത്തിച്ചുവരുന്ന ലിറ്റിൽ ഫ്ലവർ നഴ്സിംഗ് കോളേജ് അധികൃതരും വിദ്യാർഥികളുമെത്തി.