മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരത്തിന്റെ ഏഴാം ദിവസം നാളെ കടലും കരയും ഉപരോധിച്ചുള്ള സമരത്തിന് നേതൃത്വം നൽകുകയാണ് പൂന്തുറ ഇടവകയിലും മറ്റു ഇടവകകളിലുമുള്ള മത്സ്യത്തൊഴിലാളികൾ. നാളെ രാവിലെ 9 മണിക്ക് 500 – ൽ പ്പരം വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൻവാഹന പ്രതിഷേധ ജാഥയ്ക്ക് തുടക്കമാവും, ഒപ്പം ഒൻപത് മണിക്ക് തന്നെ കടലിലൂടെ വള്ളംമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യപ്പെടും. അതിരൂപതയിലെ പിതാക്കന്മാർ പങ്കെടുക്കും.
ഒരേസമയംതന്നെ കടലും കരയും സ്തംഭിപ്പിച്ചുള്ള വൻ പ്രതിഷേധ പ്രകടനത്തിന് ഒരുങ്ങുകയാണെന്ന് സംഘാടകർ അറിയിച്ചു. തങ്ങളുടെ പൈതൃക സ്വത്തായ കടലിനെയും കടൽത്തീരങ്ങളേയും പാടെ തകർക്കുന്ന വികസനങ്ങൾക്ക് തങ്ങൾ എതിരാണെന്ന് അധികാരികളെ ഓർമിപ്പിക്കുകയാണ് കടൽ ഉപരോധ സമരത്തിലൂടെ ഇക്കുറി മത്സ്യത്തൊഴിലാളികൾ. നൂറിൽപരം വള്ളങ്ങൾ ഒരേസമയം വിഴിഞ്ഞം പോർട്ടിനെ വലയം ചെയ്തു പ്രതിഷേധിക്കും. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ട് മാറില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ സമരമുറകളും മായി മുന്നോട്ടു പോകുമെന്നും സംഘാടകർ അറിയിച്ചു. പൂന്തുറ ഇടവകക്കൊപ്പം അയൽ ഇടവകകളായ ചെറിയതുറയും, സെൻ്റ്. സെബാസ്റ്റ്യൻ വെട്ടുകാട്, സെന്റ് സേവിയേഴ്സ് വലിയതുറ എന്നീ ഇടവകകളിൽ നിന്നുള്ളവരും സമരത്തിൽ പങ്കുചേരും.