ഇംഫാല്‍: മണിപ്പൂരില്‍ നിരവധിയാളുകളുടെ ജീവനെടുത്ത വിധിയെന്ന് വിലയിരുത്തപ്പെട്ട മെയ്തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ നിര്‍ദേശിക്കുന്ന 2023 ലെ ഉത്തരവിന്റെ നിര്‍ണായക ഭാഗം മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ഗോല്‍മെയ് ഗൈഫുല്‍ ഷില്ലുവിന്റെ സിംഗിള്‍ ബെഞ്ചാണ് വിവാദമായ ഭാഗം നീക്കിയത്. മെയ്തേയ് വിഭാഗത്തെ എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഖണ്ഡികയാണ് ഹൈക്കോടതി നീക്കം ചെയ്തത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായതിനാലാണ് ഈ ഭാഗം നീക്കിയതെന്ന് കോടതി വ്യക്തമാക്കി.
2023 മാര്‍ച്ചില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് മണിപ്പുരില്‍ മാസങ്ങളോളം നീണ്ട കലാപത്തിന് തിരികൊളുത്തിയത്. കലാപത്തില്‍ 200 ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്‌തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കത്തിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ എന്ന സംഘടന ചുരാചാന്ദ്പുര്‍ ജില്ലയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് സംസ്ഥാനത്തുടനീളം കലാപമായത്. ഇരുനൂറിലധികം പേര്‍ കൊല ചെയ്യപ്പെട്ടത് കൂടാതെ നിരവധി ക്രിസ്ത്യന്‍ ആരാധനാലയങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെടുകയും മുപ്പതിനായിരത്തിലധികം ആളുകള്‍ പലായനം ചെയ്യപ്പെടുകയും ചെയ്തിരുന്നു.