ലാഹോർ: പാകിസ്ഥാനില്‍ മത തീവ്രവാദികള്‍ അഗ്‌നിക്കിരയാക്കിയ ദൈവാലയത്തിന് പുറത്ത് ഞായറാഴ്ച്ച അര്‍പ്പിച്ച ദിവ്യബലിയിൽ പങ്കെടുത്തത് നൂറിലേറെ വിശ്വാസികൾ. ഫൈസലാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ജരാന്‍വാലയില്‍ അക്രമികള്‍ തകര്‍ത്ത സെന്റ് ജോണ്‍ ദൈവാലയത്തിന് സമീപമാണ് വിശുദ്ധ ദിവ്യബലിയര്‍പ്പണം നടന്നത്.
തുറസായ സ്ഥലത്തുണ്ടാക്കിയ താല്‍ക്കാലിക സജ്ജീകരണത്തില്‍ നടന്ന ബലിയര്‍പ്പണത്തില്‍ മെത്രാന്‍ ഉള്‍പ്പെടെ മൂന്നു വൈദികര്‍ കാര്‍മ്മികരായി. ആക്രമണം ഭയക്കാതെ നിരവധി വിശ്വാസികളാണ് തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഒത്തുകൂടിയത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് കാവല്‍ നിന്നിരുന്നു.
വിശ്വാസി സമൂഹം ദിവ്യബലിയിലും പ്രാര്‍ത്ഥനയിലും നിറകണ്ണുകളോടെയാണ് പങ്കുചേര്‍ന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ദിവ്യബലിയര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ ചുറ്റുമുള്ള നഗരങ്ങളില്‍ നിന്ന് വരെ ആളുകള്‍ എത്തിയിരുന്നുവെന്ന് പാക്ക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കറുത്തിരുണ്ട ജനലുകളും വിണ്ടുകീറിയ മേല്‍ക്കൂരകളും ഉള്‍പ്പെടെ ദൈവാലയത്തിന്റെ സ്ഥിതി ദയനീയമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ ചിത്രങ്ങളിലൂടെ വ്യക്തമാണ്. അതേസമയം ക്രൈസ്തവരുടെ ആരാധനാലയങ്ങളും ഭവനങ്ങളും വളഞ്ഞിട്ടു ആക്രമിച്ച 125-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് ഇന്‍സ്‌പെക്ടര്‍ പോലീസ് ജനറല്‍ ഉസ്മാന്‍ അന്‍വര്‍ എഎഫ്പിയോട് പറഞ്ഞു.