റിയോ ഡി ജനീറോ: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ ഫ്രാൻസിസ് പാപ്പയുടെ അരികിലേക്ക് കണ്ണീരോടെ ഓടിയെത്തി ഒടുവില്‍ പാപ്പയുടെ സ്നേഹം ഏറ്റുവാങ്ങി മാധ്യമ ശ്രദ്ധ നേടിയ നഥാൻ ഡി ബ്രിട്ടോ ഇന്ന്‍ സെമിനാരി വിദ്യാര്‍ത്ഥി. ജനുവരി 3 ന് ലോറേന രൂപതയിലെ ബിഷപ്പ് ജോക്വിം വ്‌ളാഡിമിർ ലോപ്സ് ഡയസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകളിലൂടെയാണ് നഥാന്റെ സെമിനാരി പ്രവേശനത്തിന്റെ വാര്‍ത്ത പുറംലോകം അറിയുന്നത്. പാപ്പ, അന്ന് ഒൻപത് വയസ്സുള്ള നഥാൻ ഡി ബ്രിട്ടോയെ ആലിംഗനം ചെയ്യുന്ന ഫോട്ടോയും ഇപ്പോൾ സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ മെത്രാനോടൊപ്പം നില്‍ക്കുന്ന ചിത്രവുമാണ് പോസ്റ്റിലുള്ളത്.
2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയപ്പോഴാണ് പാപ്പയുടെ അരികിലേക്ക് നഥാൻ ഡി ബ്രിട്ടോ കുതിച്ചെത്തിയത്. റിയോ ഡി ജനീറോയിലെ തെരുവുകളിലൂടെ പോപ്പ് മോബീലിലൂടെയുള്ള സന്ദര്‍ശനത്തിടെയായിരിന്നു സംഭവം. ബാരിക്കേടുകള്‍ മറന്നു പാപ്പയെ കാണാനുള്ള അവന്റെ ആഗ്രഹം മനസിലാക്കിയ സുരക്ഷാസംഘത്തിലൊരാൾ നഥാനെ പാപ്പയ്ക്കരികിലേക്ക് എടുത്തുയർത്തുകയായിരിന്നു. “പിതാവേ, എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം, ക്രിസ്തുവിന്റെ പ്രതിനിധിയാകണം,” – പാപ്പയോട് കണ്ണീരോടെ അവന്‍ പറഞ്ഞു ബ്രിട്ടോയുടെ വാക്കുകള്‍ക്ക് “ഞാൻ നിനക്കായി പ്രാർത്ഥിക്കാം, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നായിരിന്നു” ഫ്രാൻസിസ് പാപ്പയുടെ പ്രതികരണം. മറുപടി കിട്ടിയിട്ടും പാപ്പയെ വിട്ടു പോകാന്‍ വിസമ്മതിച്ച നഥാനെ ഏറെ പണിപ്പെട്ടാണ് മാർപാപ്പയുടെ സുരക്ഷാ സംഘത്തിന് ബാലനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.