വത്തിക്കാൻ: 2015 ൽ കാലാവസ്ഥാപ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും,സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ എഴുതിയ ‘ലൗദാത്തോ സി’ ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗമായി 2023 ഒക്ടോബർ മാസം നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിവസം “ലൗദാത്തെ ദേയും” അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു.
പൊതു ഭവനത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ക്രിസ്തീയ വിശ്വാസത്തിൽ നിന്നുമുയരുന്നുവെന്ന യാഥാർഥ്യം ലേഖനം അടിവരയിടുന്നു. ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പ് ഈ ലേഖനം നൽകുന്നു. ലേഖനം ആറു അധ്യായങ്ങളും 73 ഖണ്ഡികകളും ഉൾക്കൊള്ളുന്നു. രണ്ടുമാസങ്ങൾക്കകം ദുബായിൽ വച്ചുനടക്കുന്ന COP 28 സമ്മേളനത്തിൽ കാലാവസ്ഥാ പ്രതിസന്ധിയിലേക്ക് ആരോഗ്യപരമായ സമീപനങ്ങൾ സംബന്ധിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുവാനും ലേഖനം ആഹ്വാനം ചെയ്യുന്നു.
കാലാവസ്ഥാവ്യതിയാനത്തിന്റെ ഇരകളാകുവാൻ വിളിക്കപ്പെട്ടവരായ ദുർബല ജനവിഭാഗത്തിന്റെ സ്വരമായാണ് പാപ്പാ ലേഖനം എഴുതിയിരിക്കുന്നത്. എന്നാൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്ന ദരിദ്രരായ ആളുകളാണ് ഈ പ്രതിസന്ധികൾക്ക് കാരണമെന്ന് ആരോപിക്കുന്ന വികസിതലോകം ആത്മശോധന ചെയ്യണമെന്നും, പ്രകൃതിയിന്മേലുള്ള ചൂഷണം അവസാനിപ്പിക്കുവാൻ തയാറാവണമെന്നും പാപ്പാ ആവർത്തിച്ചാവശ്യപ്പെടുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഉത്ഭവം മനുഷ്യനെ മാറ്റി നിർത്തി ഇനിയും അന്വേഷിച്ചു പോകുന്നത് ആരോഗ്യകരമല്ലായെന്നും, ഈ പ്രതിസന്ധി മറികടക്കുവാൻ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് വിശാലമായ ഒരു കാഴ്ചപ്പാടോടുകൂടി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പാപ്പാ അഭിപ്രായപ്പെടുന്നു.