അതിജീവന ഭീഷണി നേരിടുന്ന തീരദേശവാസികളുടെ അനിശ്ചിതകാല സമരമുഖത്ത് അഞ്ചുതെങ്ങ് ഫെറോനാ. സുരക്ഷിതത്വത്തിനായുള്ള പോരാട്ടമാണ് അഞ്ചുതെങ്ങ് ഫെറോനയെ സംബന്ധിച്ച് ഈ സമരം. തെരുവ് നാടകം അവതരിപ്പിച്ചും നാടൻ പാട്ടുകൾ പാടിയുമാണ് ഇന്നത്തെ സമരനയം വ്യത്യസ്തമായത്.
സമരത്തിന്റെ നാലാം ദിവസമായ ഇന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചും സെക്രട്ടറിയേറ്റിനു മുന്നിലെ ധർണ്ണയും അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു. ഫെറോന ഫിഷറീസ് കോഡിനേറ്റർ ഫാ. ലൂസിയാന്‍സ് തോമസ് സമരത്തിൽ വിഷയാവതരണം നടത്തി. അതിരൂപതയിലെ തീരമക്കൾ എന്തുകൊണ്ട് സമരമുഖത്ത് പോരാടുന്നുവെന്ന വിഷയത്തെപ്പറ്റി അതിരൂപത മത്സ്യത്തൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ഷാജിൻ ജോസ് സംസാരിച്ചു.
സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അരയതുരുത്തി, താഴമ്പള്ളി, പൂത്തുറ, മാമ്പള്ളി,മുങ്ങോട്,ആറ്റിങ്ങൽ, ചമ്പാവ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നെത്തിയ മുന്നൂറോളം തീരദേശ ജനതയ്ക്കൊപ്പം ഫാ. ജോസഫ് പ്രസാദ്, ഫാ. ഫ്രഡി ജോയ്,ഫാ. ബീഡ് മനോജ്, ഫാ. ജസ്റ്റിൻ ജൂഡ്, ഫാ. ഷിജിൻ, ഫാ. ഡെൻസൺ, ഫാ. മെൽബിൻ എന്നിവർ ചേർന്ന് നേതൃത്വം നൽകി.