നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയെ മൂന്നു പതിറ്റാണ്ടു കാലത്തോളം നയിച്ച ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. പിന്തുടര്‍ച്ചാവകാശമുള്ള ബിഷപ്പായ ഡോ. ഡി. സെല്‍വരാജനെ പുതിയ ബിഷപ്പായി ലെയോ പാപ്പ നിയമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍, ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന്റെ രാജി സ്വീകരിച്ച കാര്യവും പിന്‍ഗാമിയായി ഡോ. ഡി. സെല്‍വരാജനെ നിയമിച്ച കാര്യവും പാപ്പായുടെ ഇന്ത്യയിലെ പ്രതിനിധി നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ജിയോ പോള്‍ദോ ജിറേലിയുടെ കത്തിലൂടെ അറിയിക്കുകയായിരുന്നു.
ഈ കത്ത് ബിഷപ് വിന്‍സെന്റ് സാമുവലിന്റെ നിര്‍ദേശപ്രകാരം ചാന്‍സലര്‍ മോണ്‍. ജോസ് റാഫേല്‍ യോഗത്തില്‍ വായിച്ചു. ഇതേ സമയത്ത് തന്നെ വത്തിക്കാനിലും ഈ അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ എന്നിവർ സന്നിഹിതരായിരുന്നു. ‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’ എന്നതാണ് ബിഷപ് ഡി. സെല്‍വരാജന്റെ പ്രമാണവാക്യം. നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി 2025 മാര്‍ച്ച് 25നായിരുന്നു അഭിഷേകം.