എറണാകുളം: കാലഘട്ടത്തിനനുസൃതമായി സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിനും സ്വകാര്യ ണിവേഴ്‌സിറ്റികള്‍ക്ക് അംഗീകാരം നല്കുന്നതിനുമുള്ള ബില്‍ ഉടന്‍ സംസ്ഥാനമന്ത്രിസഭ പരിഗണിക്കുമെന്ന് വ്യവസായവകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. നഗരമേഖലയില്‍ വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയര്‍ന്നു നിലയില്‍ കഴിയുന്നവരും വോട്ട് രേഖപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചുവെങ്കിലും ഇന്ത്യയിലെ സാധാരണജനങ്ങള്‍ ജനാധിപത്യപ്രക്രിയയില്‍ കൃത്യമായി ഇടപെട്ട് ഭരിക്കാന്‍ മാത്രമുള്ള ഭൂരിപക്ഷം പരിമിതപ്പെടുത്തി ആരെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നമ്മുടെ രാജ്യത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ജനാധിപത്യം ക്ഷീണിതാവസ്ഥയിലാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ബിഷപ് ചക്കാലക്കല്‍ അനുസ്മരിച്ചു.
വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറഞ്ഞു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ആര്‍ ക്രിസ്തുദാസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സെക്രട്ടറിമാരായ പ്രബലദാസ്, മെറ്റില്‍ഡ മൈക്കിള്‍, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘മഹിതപൈതൃകം’ എന്ന പുസ്തകം ബിഷപ് ഡോ. ആന്റണി വാലുങ്കലിന് നല്കി ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രകാശനം ചെയ്തു. ഉച്ചയ്ക്ക് 12 നു ചേര്‍ന്ന ആദ്യസെഷനില്‍ ‘സമകാലിക സമൂഹത്തിലെ സഭയും സമുദായവും’ എന്ന വിഷയത്തില്‍ കാര്‍മ്മല്‍ഗിരി സെമിനാരി പ്രഫസര്‍ റവ. ഡോ.ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നടത്തി.