കൊട്ടിയം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ നാലാമത് സമ്മേളനവും സെമിനാറും 2025 മേയ് 9, 10 തിയതികളിൽ കൊട്ടിയത്തെ ക്രിസ്തു ജ്യോതി ആനിമേഷൻ സെന്ററിൽ നടന്നു. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനംഗം ഡോ. എ. വി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഫാമിലി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. എ. ആർ ജോൺ സ്വാഗതമേകി. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ ആശംസകളർപ്പിച്ച് സംസാരിച്ചു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് മനോരോഗവിഭാഗം പ്രൊഫ. അരുൺ ബി. നായർ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.ബി.സി ഫാമിലികമ്മിഷന്റെ നേതൃത്വത്തിൽ നടന്ന നാലാമത് കോൺഫറൻസിന്റെ ചിന്താവിഷയം “രക്ഷകർതൃതം ശക്തിപ്പെടുത്തുന്നതിനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ” എന്നതായിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകൾക്ക് മനശാസ്ത്രജ്ഞനും ആശ്രയ് ഡയറക്ടറുമായ ഫാ. ഷിൽട്ടൺ ഫെർണാണ്ടസ്, ലെയോള കോളേജിലെ ഫാ. ഡോ. സനിൽ മാത്യു, ഡോ. അമ്മു ലൂക്കോസ് എന്നിവർ നേതൃത്വം നല്കി. വിവിധ ശില്പശാലകൾക്ക് അഞ്ചുവിജയൻ (മ്യൂസിക് തെറാപിസ്റ്റ്), സുപർണ ആന്റണി (സൈക്കോളജിസ്റ്റ്), അഡ്വ. വിൻസന്റ് ജോസഫ് (ചെയർപെഴ്സൺ, സി.ഡബ്ല്യു.സി എറണാകുളം), ഫാ. ബേണി വർഗീസ് (സൈക്കോളജിസ്റ്റ്), മിനി മോൾ (സൈക്കോ തെറാപിസ്റ്റ്), ഷൽ സോളമൻ (ഫാമിലി കൗൺസിലർ) എന്നിവർ നേതൃത്വം നൽകി. CLAP-ന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കണമെന്ന ചർച്ചയ്ക്ക് ഫാ. ഡോ. എ. ആർ. ജോൺ നേതൃത്വം നൽകി. മനോജ് കുമാർ, ഫാ. ജോർജ്ജ് ജോസഫ്, ഫാ. രാജീവ്, സിസ്റ്റർ റോഷിൻ കുന്നേൽ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായിരുന്നു.
കൊല്ലം രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തൽ കൊല്ലം എം. പി ശ്രീ. എൻ. കെ. പ്രേമചന്ദ്രൻ മുഖ്യാഥിതിയായിരുന്നു. കോൺഫറൻസിൽ പങ്കെടുത്തവർക്ക് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരളത്തിലെ വിവിധ ലത്തീൻ രൂപതകളിൽ നിന്നായി മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എഴുപതിലധികം പേർ പങ്കെടുത്തു. നെയ്യാറ്റിൻകര രൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ് കൃതജ്ഞതയർപ്പിച്ചു.