കൊച്ചി: മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കില്‍ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ മുനമ്പത്തെ ജനങ്ങള്‍ നിയമ പോരാട്ടം തുടരേണ്ടി വരുമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു സൂചിപ്പിച്ചു. നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ട്രൈബ്യൂണലിന്റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതിയിലൂടെ മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.