കണ്ണൂര്‍: വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയില്‍ ലത്തീന്‍ സമുദായത്തിന് ഇന്നും സാമൂഹികനീതി ലഭിക്കുന്നില്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. ഡിസംബര്‍ 15-ന് ലത്തീന്‍ കത്തോലിക്കാ ദിനത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക കെഎല്‍സിഎ സംസ്ഥാന പ്രസിസന്റ് അഡ്വ. ഷെറി ജെ. തോമസിന് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്താനാവുകയുള്ളു. ഒരുഭാഗത്ത് ജാതി സെന്‍സസ് അകാരണമായി നീട്ടിക്കൊണ്ടു പോകുന്നു. മറുഭാഗത്ത് അനുവദിക്കപ്പെട്ട സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്നു. സാമൂഹ്യനീതിയുടെ പ്രകടമായ ലംഘനമാണിതെന്ന് ബിഷപ് ഡോ. വടക്കുംതല പറഞ്ഞു.
ലത്തീന്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ എല്‍സിഎ മുന്നേറ്റം അനിവാര്യമാണെന്നും സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭ എന്നും കെഎല്‍സി എയുടെ കൂടെ ഉണ്ടാകുമെന്നും രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു. അഡ്വ. ഷെറി ജെ. തോമസ്, ബിജു ജോസി കരുമാഞ്ചേരി രതീഷ് ആന്റണി, ജോണ്‍ ബാബു, വിന്‍സി ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.