തിരുവനന്തപുരം: തര്‍ക്കം നിലനില്‍ക്കുന്ന മുനമ്പത്തെ 404 ഏക്കര്‍ വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭൂമി തര്‍ക്കം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം. ഭൂമി കൈമാറ്റം നടക്കുന്നതിന് മുമ്പ് അവിടെ താമസിച്ചിരുന്ന ആളുകളാണ് സമരം നടത്തുന്നതെന്നും ഇത്തരത്തില്‍ ജനങ്ങള്‍ താമസിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തെ വഖഫ് ഭൂമിയാക്കാന്‍ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വഖഫ് ഭൂമിയല്ലെന്ന് തങ്ങള്‍ പറയാന്‍ മൂന്ന് കാരണങ്ങള്‍ ഉണ്ടെന്നും അദേഹം പറഞ്ഞു. നിലവില്‍ പറയുന്ന രേഖയില്‍ ചില നിബന്ധനകള്‍ ഉണ്ട്. എന്നാല്‍ വഖഫില്‍ അത്തരത്തിലുള്ള യാതൊരുവിധ നിബന്ധനകളും ഉണ്ടാവാന്‍ പാടില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ഫാറുഖ് കോളജ് ഈ പറയുന്ന ആളുകളോട് പണം വാങ്ങിച്ചാണ് ഭൂമി കൈമാറിയത്. എന്നാല്‍ വഖഫ് ഭൂമി അത്തരത്തില്‍ പണം നല്‍കി കൈമാറ്റം ചെയ്യാന്‍ ആവില്ലെന്ന് അദേഹം വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാറിന് പത്ത് മിനിറ്റ് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന വിഷയമാണ് ഇത്. കേരളത്തില്‍ വര്‍ഗീയമായി ഭിന്നിപ്പുണ്ടാകാന്‍ ഇടവരരുത് എന്നാണ് യുഡിഎഫിന് പറയാനുള്ളത്. തന്റെ അഭിപ്രായത്തില്‍ വഖഫ് ബോര്‍ഡ് കൊടുത്തിരിക്കുന്ന കേസ് പിന്‍വലിച്ച് ആ സ്ഥലം അവിടുത്തെ ആളുകള്‍ക്ക് വിട്ട് നല്‍കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ കത്തോലിക്കാ സഭ അടക്കം കടുത്ത നിലപാടുമായി രംഗത്ത് വന്നിരുന്നു. കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൈവശാവകാശക്കാരായ മുനമ്പം സ്വദേശി ജോസഫ് ബെന്നി ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ ഹര്‍ജയും സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച കോടതി എതിര്‍കക്ഷികളായ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കും ഭൂമിയുടെ മുന്‍ ഉടമകളുടെ പിന്തുടര്‍ച്ചക്കാരായ നസീര്‍ സേട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം ഭൂമി പ്രശ്‌നത്തില്‍ വൈപ്പിന്‍, മുനമ്പം പ്രദേശത്തെ ജനങ്ങള്‍ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. 2021 മുതല്‍ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയാണ് ഇവര്‍.