വെട്ടുകാട്: കേരളത്തിലെ ലത്തീൻ സഭയിലെ കേൾവി – സംസാര പരിമിതരുടെ സംസ്ഥാന സമ്മേളനവും എഫ്ഫാത്ത ഫോറത്തിന്റെ ഉദ്ഘാടനവും പ്രശസ്ത തീർഥാടനകേന്ദ്രമായ തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് സമാപിച്ചു. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി ചെയർമാനും വിജയപുരം രൂപതാദ്ധ്യക്ഷനുമായ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തിരുവനന്തപുരം പാർലമെന്റ് അംഗം ഡോ. ശശി തരൂർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും യശസ്സുയർത്തുന്നതിനും ഭിന്നശേഷിക്കാർ വലിയ പങ്കുവഹിക്കുന്നൂവെന്ന് ഡോ. ശശി തരൂർ അഭിപ്രായപ്പെട്ടു എന്നാൽ അവരെ നാം അവരർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കുകയും, പരിചരിക്കുകയും ചെയ്യുന്നുണ്ടോയെന്ന് പൊതുസമൂഹവും ഭരണകൂടവും ആത്മപരിശോധന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കൊല്ലം സമാപിച്ച ഒളിമ്പിക്സിൽ ഇൻഡ്യ 71-ാം സ്ഥാനത്തെത്തിയപ്പോൾ പാരാലിമ്പിക്സിൽ 18-ാം സ്ഥാനം നേടാനായത് ഭിന്നശേഷിക്കാർ രാജ്യത്തിനു നൽകുന്ന സംഭാവന എത്രത്തോളമാണെന്ന് നാം അറിഞ്ഞിരിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ പറഞ്ഞു. എഫ്ഫാത്ത ഫോറത്തിലൂടെ സ്നേഹവും കരുതലും കേൾവി സംസാര പരിമിതർക്ക് ലഭിക്കുവാനും അവർ ശക്തിപ്പെടുവാനും ഇടയാകട്ടെയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. കേൾവി – സംസാര വെല്ലുവിളി നേരിടുന്നവരിൽ ഇൻഡ്യയിലെ പ്രഥമ പുരോഹിതൻ റവ. ജോസഫ് തേർമഠത്തെ പ്രസ്തുത പരിപാടിയിൽ ആദരിച്ചു. ഫാമിലി കമ്മിഷൻ കെ.ആർ.എൽ.സി.ബി.സി സെക്രട്ടറി ഫാ. ഡോ. എ. ആർ. ജോൺ, തിരുവനന്തപുരം അതിരൂപത വികാർ ജനറൽ മോൺ. യൂജിൻ എച്ച്. പെരേര, അതിരൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ എന്നിവർ സംസാരിച്ചു.
രാവിലെ 9.30 മണിക്ക് വെട്ടുകാട് പാരിഷ് ഹാളിൽ ആരംഭിച്ച കൂടിവരവിൽ ഈഥർ ഇൻഡ്യ ഡയറക്ടർ ശ്രീ. ബിജു സൈമൺ ആമുഖ പ്രഭാഷണത്തിനും വിവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. തുടർന്ന് 11.15 മണിക്ക് മാദ്രെ ദേ ദേവൂസ് ദേവലയത്തിൽ നടക്കുന്ന ആംഗ്യഭാഷയിലുള്ള ദിവ്യബലിക്ക് റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജനിസ്റ്റൻ, ഫാ. ജോളി എന്നിവർ ദിവ്യബലി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്തു. ഉച്ചഭക്ഷണത്തിന് ശേഷം നടന്ന ക്ലാസിന് കോട്ടയം ആസ്ഥാനമായി കേൾവി – സംസാര പരിമിതർക്കായി പ്രവർത്തിക്കുന്ന ‘നവധ്വനി’ ഡയറക്ടർ ഫാ. ബിജു ലോറൻസ് മൂലക്കര നേതൃത്വം നൽകി. 12 ലത്തീൻ രൂപതകളിൽ നിന്നായി മുന്നൂറ്റി അൻ പതോളം പേർ പങ്കെടുത്ത സമ്മേളനത്തിന് തിരുവനന്തപുരം അതിരൂപത ഫാമിലി കമ്മിഷനാണ് ആഥിത്യമരുളിയത്.