ആലപ്പുഴ: കേരള റീജിനൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ ആർ എൽ സി ബി സി ബിസിസി) ബിസിസി കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന ക്യാമ്പ് ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള വൈദികരും, സന്യസ്തരും, അൽ മായരും അടങ്ങുന്ന പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കമ്മിഷൻ ചെയർമാനും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയുമായ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന ക്രൈസ്തവ സമൂഹം ഒരുമിച്ച് നിന്നാൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കെ ആർ എൽ സി സി അസോസിയേറ്റ് സെക്രട്ടറി ഫാ. ജിജു അറക്കത്തറ അധ്യക്ഷത വഹിച്ചു. ബിസിസി നാഷണൽ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ജോർജ്ജ് ജേക്കബ് കേരള റീജൻ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻ വീട്ടിൽ, മാത്യു ലിഞ്ചൻ, സിസ്റ്റർ ലാൻസിൻ എന്നിവർ സംസാരിച്ചു. ക്യാമ്പ് സെപ്റ്റംബർ 21 ശനിയാഴ്ച സമാപിക്കും.