കോഴിക്കോട് വയനാട് മേഖലയിൽ മേപ്പാടി പ്രദേശത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുരിതമനുഭവക്കുന്നവരെ ചേർത്തുപിടിച്ച് കേരള കത്തോലിക്ക സഭ. കോഴിക്കോട് രൂപതയുടെ കീഴില്‍ മേപ്പാടി ഉള്‍പ്പെടെ ഇരുപതിലധികം ഇടവകകളാണ് വയനാട്ടില്‍ ഉള്ളത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഇടവകകളിലും പ്രത്യേകം പ്രാർത്ഥനകൾ നടത്തുകയും വിദ്യാലയങ്ങളും പാരിഷ് ഹാളുകളും രക്ഷാപ്രവർത്തനത്തിന് തുറന്നുകൊടുക്കുകയും അതോടൊപ്പം സഹായം അർഹിക്കുന്നവരിലേക്ക് ഇടവക തലത്തിലും സംഘടനാ തലത്തിലും സഹായങ്ങൾ എത്തിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ നിര്‍ദ്ദേശിച്ചു.
വയനാടിലേക്ക് സഹായമെത്തിക്കാനുള്ള പരിപാടികൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതയുൾപ്പെടെയുള്ള രൂപതകൾ തുടക്കംകുറിച്ചു. മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും സഹായങ്ങളും നൽകുമെന്ന് സിബിസിഐ വൃത്തങ്ങളും പ്രതികരിച്ചു. ദുരന്തബാധിതർക്ക് മാനന്തവാടി രൂപത ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികൾ രൂപീകരിക്കുമെന്ന് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മലങ്കര കത്തോലിക്ക സഭയും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങി.