കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എറണാകുളം ആശീര്‍ഭവനില്‍ ചേര്‍ന്ന കെആര്‍എല്‍സിസിയുടെ 43-ാമത് ജനറല്‍ അസംബ്ലി ചര്‍ച്ചചെയ്ത് അംഗീകരിച്ച സാമൂഹ്യ രാഷ്ട്രീയപ്രമേയത്തില്‍ കുറ്റപ്പെടുത്തി. കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലില്‍ (കെആര്‍എല്‍സിസി).
ഒരു വലിയ ജനകീയ പ്രക്ഷോഭത്തെ അനഭിമതമായ മാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്തിയും ഒരു ജനസമൂഹം ഉയര്‍ത്തിയ ന്യായമായ ആവശ്യങ്ങളെ നിരാകരിച്ചും വികസനത്തിന്റെ ഇരകളായി മാറിയവരുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിച്ച് കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്ക് സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളും വശംവദരായിരിക്കുന്നുവെന്ന് സമ്മേളനം വിലയിരുത്തി. തദ്ദേശവാസികള്‍ക്ക് തൊഴില്‍ അവസരം, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം തുടങ്ങിയ കാര്യങ്ങളിലെ വല്ലാര്‍പാടം അനുഭവം വിസ്മരിക്കാനാവില്ല. വിഴിഞ്ഞം പദ്ധതിയുടെ സാമൂഹ്യ- തൊഴില്‍- തീരശോഷണം സംബന്ധിച്ച തദ്ദേശവാസികളുടെ ആശങ്കകള്‍ പഠിക്കാന്‍ കേരളസര്‍ക്കാര്‍തന്നെ നിയോഗിച്ച എം.ഡി. കുടാലെ കമ്മറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നതില്‍ സമ്മേളനം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഈ റിപ്പോർട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കുകയും സാമൂഹ്യാഘാതം പരിഹരിക്കുന്നതിനാവശ്യമായ സത്വരനടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ ജനസമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ രൂപീകരിച്ച ജെ.ബി കോശി കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതില്‍ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. റിപ്പോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണം. ഓരോ സമുദായത്തിന്റെയും വിവിധ മേഖലകളിലെ പ്രാതിനിധ്യം, ജീവിതനിലവാരം എന്നിവ അടയാളപ്പെടുത്തുന്ന സമഗ്രമായ ജാതി സെന്‍സസ് നടത്തുവാന്‍ ആവശ്യമായ നിലപാടുകള്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സാമുദായിക പ്രാതിനിധ്യത്തെ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറത്തുവിടണം. അധികാര- ഉദ്യോഗ- വിദ്യാഭ്യാസ – സാമ്പത്തിക മണ്ഡലങ്ങളില്‍ ജനസംഖ്യാനുപാതികമായി പങ്കാളിത്തം എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പു വരുത്താനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള ഫണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് വകമാറ്റി ചെലവഴിച്ചതായുള്ള കണ്ടെത്തലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹവും തിരുത്തപ്പെടേണ്ടതുമാണ്. ഈ വിഷയങ്ങളില്‍ സുതാര്യമായ ഇടപെടലുകള്‍ ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കേരളത്തിന്റെ തീരം നാശോന്മുഖമായ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തീരശോഷണം ഫലപ്രദമായി നേരിടുവാന്‍ ആവശ്യമായ പദ്ധതി രൂപരേഖകള്‍ തയ്യാറാക്കുകയും ആവശ്യമായ ഫണ്ട് അനുവദിച്ചുകൊണ്ട് തീരസുരക്ഷ പൂര്‍ണമായും ഉറപ്പാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കൊച്ചി ചെല്ലാനം, അമ്പലപ്പുഴയിലെ പുന്നപ്ര, ചേര്‍ത്തലയിലെ ഒറ്റമശ്ശേരി, വൈപ്പിന്‍കരയിലെ എടവനക്കാട് തുടങ്ങിയ പ്രദേശങ്ങള്‍ അതിരൂക്ഷമായ കടലാക്രമണത്തിനും തീരശോഷണത്തിനും നിരന്തരം വിധേയമാകുകയാണ്. ഈ പ്രദേശങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കൂടാതെ കടലവകാശനിയമ നിര്‍മാണം നടത്തുവാന്‍ കേന്ദ്രസര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. അശാസ്ത്രീയമായി നിര്‍മിച്ച മുതലപ്പൊഴി ഫിഷിങ്ങ് ഹാര്‍ബര്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ഉണ്ടാകണം.
തീരദേശ ഹൈവേയുടെ വിശദമായ പദ്ധതിരേഖ പ്രസിദ്ധപ്പെടുത്തുകയും ഹൈവേയുടെ പരിസ്ഥിതി ആഘാതപഠനം നടത്തുകയും ചെയ്തശേഷം മാത്രമേ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ പാടുള്ളൂ. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാവുന്ന യുവജനങ്ങളുടെ എണ്ണം അധികമായിരിക്കുന്നതും തൊഴില്‍ രാഹിത്യത്തിന്റെ തോത് വര്‍ധിച്ചിരിക്കുന്നതുമായ കാലഘട്ടത്തില്‍ പര്യാപ്തമായ ഒരു ലേബര്‍ കോഡിന് രൂപം നല്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ദശാബ്ദങ്ങളായി പരിഹരിക്കപ്പെടാത്ത ദളിത് ക്രൈസ്തവരുടെ അവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരളസർക്കാർ സത്വരമായ നടപടികൾ സ്വീകരിക്കണം. ഭരണഘടനാപരമായി അവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ പുനസ്ഥാപിച്ചു നൽകാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണം.സുപ്രീംകോടതിയിൽ നിലവിലിരിക്കുന്ന കേസിൽ ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കാനുള്ള നിലപാട് സർക്കാർ കൈക്കൊള്ളണം.
ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ഭരണസഭകളിൽ നഷ്ടപ്പെട്ട പ്രാതിനിധ്യം പുന:സ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്നും ജനറൽ അസംബ്ലി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ചു ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രബലദാസ്, ട്രഷറര്‍ ബിജു ജോസി, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, സിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി പാപ്പച്ചന്‍, കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് എന്നിവര്‍ സംബന്ധിച്ചു.