വിഴിഞ്ഞം: തീരദേശവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നടത്തപ്പെടുന്ന തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആഘോഷ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പി. തുറമുഖത്തിന്റെ വരവ് പ്രതികൂലമായി ബാധിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയില്ലെന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലെ അലസത വളരെ നിരാശാജനകമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഒരു ട്രയല്‍ റണ്ണിനെ സ്വാഗതം ചെയ്യുമ്പോള്‍, തുറമുഖത്തിന്റെ നിര്‍മാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ ഗൗരവമായ കടമയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശശി തരൂര്‍ ട്രയല്‍ റണ്‍ ചടങ്ങിൽ നിന്ന് വിട്ടുനില്‍ക്കുമെന്നറിയിച്ചിരിക്കുന്നത്. കടല്‍ഭിത്തി നിര്‍മാണത്തിലെയും, തുറമുഖവുമായി ബന്ധപ്പെട്ട തീരശോഷണം മൂലം കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലെയും അലംഭാവം വളരെ നിരാശാജനകമാണ്.
ആദ്യ കപ്പല്‍ വന്ന് പത്ത് മാസം കഴിഞ്ഞിട്ടും, ഇന്നും, നമ്മുടെ തീരദേശ സമൂഹത്തിന്റെ ദുരിതമകറ്റാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. നമ്മള്‍ തീരദേശ വാസികള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങളായ നഷ്ടപരിഹാരം, പുനരധിവാസം, കടല്‍ഭിത്തിനിര്‍മ്മാണം എന്നിവയൊന്നും ഇതുവരെ നടപ്പാക്കിയില്ല. ഇത് തുറമുഖത്തിന്റെ വരവ് പ്രതികൂലമായി ബാധിച്ചവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനാല്‍, ഈ വര്‍ഷാവസാനത്തോടെ തുറമുഖം ഔപചാരികമായി കമ്മീഷന്‍ ചെയ്യപ്പെടുമ്പോഴേക്കും തീരദേശത്തോടുള്ള നമ്മുടെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ അത് നിറവേറ്റാന്‍ പരിശ്രമിച്ചുകൊണ്ട് ഈ പദ്ധതിയെ വരവേല്‍ക്കാമെന്നും ശശി തരൂര്‍ പോസ്റ്റില്‍ കുറിക്കുന്നു.