പാളയം: അനന്തപുരിയുടെ ആത്മീയ ഗോപുരമായി നിലകൊള്ളുന്ന പാളയം സെന്റ്. ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രൽ ദൈവാലയം സ്ഥാപിതമായതിന്റെ 150-ാം വാർഷികാഘോഷ സമാപന ചടങ്ങുകൾ ഡിസംബർ 1,2,3 തിയതികളിലായി നടക്കും. ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മദർ തെരേസ ഹാളിൽ നടക്കുന്ന ചരിത്ര സാംസ്കാരിക പ്രദർശനത്തോടെയാണ് സമാപനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടർ ശ്രീ. സിബി കാട്ടംപള്ളി മുഖ്യപ്രഭാഷണം നടത്തും.
അന്നേദിവസം വൈകുന്നേരം 5.30 ന് നടക്കുന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത മെത്രാൻ മോസ്റ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികത്വം വഹിക്കും. ഡിസംബർ 2 ശനിയാഴ്ച നടക്കുന്ന സമൂഹ ദിവ്യബലിക്ക് പുനലൂർ രൂപത മെത്രാൻ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് യുവജനങ്ങളുടെയും വിവിധ ബിസിസി വാർഡുകളുടെയും നേതൃത്വത്തിൽ കലാസന്ധ്യ നടക്കും.
ജൂബിലി ആഘോഷങ്ങളുടെ സമാപന ദിനമായ ഡിസംബർ 3 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ സമൂഹ ദിവ്യബലി നടക്കും. എമെരിത്തൂസ് ആർച്ച്ബിഷപ്പ് മോസ്റ്റ് റവ. ഡോ. സൂസപാക്യം എം., മോസ്റ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ എന്നിവർ സഹകാർമികരായിരിക്കും. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ തറയിൽ വചന സന്ദേശം നല്കും.
തുടർന്ന് പാരിഷ് ആഡിറ്റോറിയത്തിൽ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെതാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം ആദരണീയയായ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ സൂസപാക്യം പിതാവ് അനുഗ്രഹ പ്രഭാഷണവും വിൻസെൻസ്റ്റ് സാമുവൽ പിതാവ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ശ്രീ. കൊല്ലം തുളസി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.
വിദേശ മിഷ്ണറിയായ ഫാ.ഫ്രാൻസിസ് മിറാൻഡയാണ് പള്ളി നിർമിക്കുന്നതിനായി പാളയത്ത് സ്ഥലം വാങ്ങിയത്. 1864 ഒക്ടോബർ പത്തിന് അദ്ദേഹം പള്ളി പണി ആരംഭിക്കുന്നതിനു തറക്കല്ലിട്ടു. പിന്നീട് 1873ൽ ഫാ.എമിജിയസ് വികാരിയായിരിക്കുമ്പോഴാണ് പള്ളി പണി പൂർത്തിയായത്.