സംസ്ഥാന വ്യാപകമായി വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കലാ സാംസ്കാരിക സംഘടനകൾ. സംസ്ഥാനത്തെ എല്ലാ ജില്ലാഭരണ കേന്ദ്രങ്ങളിലും ജില്ലാ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ ബഹുജനധർണ നടത്തി. വൈകുന്നേരം 3 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച ഐക്യദാർഢ്യ പരിപാടിയിൽ ചിത്ര പ്രദർശനവും, ചിത്ര രചനയും, കലാപരിപാടികളും സംഘടിപ്പിച്ചു.
വിഴിഞ്ഞം പദ്ധതി കോവിഡിനേക്കാൾ വിനാശകരമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾ ഒരുപോലെ വിനാശകരമാണെന്നും പരിസ്ഥിതി പ്രവർത്തക കെ ജി താര പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ലോകത്തിലേറ്റവും ജനസാന്ദ്രതയുള്ള തീരം കേരളത്തിലേതാണ്. ഇവിടെയൊരു നിർമ്മാണം നടത്തുന്നതിന് മുൻപ് ശ്രദ്ധാ പൂർവ്വമായ പഠനം നടത്തുകയെന്നത് നിർണ്ണായകമാണെന്നും, ഈ സമരങ്ങളിലൊക്കെ സ്ത്രീകൾ കടന്നു വരികയും അത് തുടരുകയും ചെയ്യുന്നത് വിഴിഞ്ഞം സമരത്തിന് ഊർജമാണെന്നും ശ്രീമതി താര അഭിപ്രായപ്പെട്ടു.
സാഹിത്യകാരൻ വിനു എബ്രഹാമിനൊപ്പം വിവിധ സാമൂഹിക കലാ സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും ഏകത പരിഷത്ത് പോലുള്ള സാമൂഹ്യ സംഘടനകളും പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. കലാസാംസ്കാരിക കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യവുമായി ഈറ്റില്ലം ബാന്റിന്റെ ഗാനങ്ങളും വിവിധ കലാകാരന്മാരുടെ കവിതകൾക്കും പാട്ടുകൾക്കും സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് വക്ക് വേദിയായി.
ആലപ്പുഴ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം സമരത്തിന്റെ ജനകീയ പിന്തുണക്ക് മുന്നിൽ സർക്കാർ തലകുനിക്കേണ്ടിവരുമെന്നും, ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം പി.മത്തായി കാക്കാനാട് ചേർന്ന ധർണ്ണയിൽ അഭിപ്രായപ്പെട്ടു. പത്തനംത്തിട്ടയിൽ ചേർന്ന പ്രതിഷേധ ധർണ്ണ ബിഷപ്പ് സാമൂവൽ ഐറേനിയസ് ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന പ്രകടനത്തിൽ മോൺ. ക്ളാരൻസ് പാലിയത്ത്, ആന്റണി നെറോണ എന്നിവരും സന്നിഹിതരായി. തൃശൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ വൻ ജനാവലിയാണ് സന്നിഹിതമായത്.