ലിസ്ബൺ: രണ്ടര വർഷം മുമ്പ് കാഴ്ച ശക്തി നഷ്ടപ്പെട്ട സ്പാനിഷ് തീർഥാടക ജിമെന എന്ന പതിനാറുകാരിക്ക് ലോക യുവജനസമ്മേളനത്തിനിടെ അത്ഭുതകരമായ സൗഖ്യം. പോർച്ചുഗലിലെ ഫാത്തിമ മാതാ പള്ളിയിൽ നടന്ന ദിവ്യ ബലിയിൽ പങ്കെടുത്ത ശേഷം കാഴ്ച ശക്തി തിരികെ കിട്ടിയെന്ന് യുവതി കണ്ണീരോടെ സാക്ഷ്യപ്പെടുത്തി. “ഞാൻ എന്റെ കണ്ണുകൾ തുറന്നു, എനിക്ക് ഇപ്പോൾ നന്നായി കാണാൻ കഴിയും“ എന്ന് യുവതി ലോകത്തോട് വിളിച്ചു പറഞ്ഞു.
അഞ്ച് ദിവസമായി ലിസ്ബണിൽ നടന്ന യുവജന സമ്മേളനത്തിൽ വിശ്വാസത്തോടും ഭക്തിയോടും പങ്കെടുത്ത് പതിനാറുകാരി ഒപസ്ഡീയിൽ നിന്നുള്ള സംഘത്തോടൊപ്പം നാട്ടിലേക്ക് തിരികെപോയി. കാഴ്ച കിട്ടാനായി കുടംബാംഗങ്ങളൊന്നടക്കം മഞ്ഞ് മാതാവിനോട് പ്രാർത്ഥിക്കുകയും നൊവേന ചൊല്ലുകയും ചെയ്തിരുന്നു. ആഗസ്റ്റ് അഞ്ച് മഞ്ഞു മാതാവിന്റെ തിരുനാൾ ദിനത്തിൽതന്നെയാണ് ജിമെനക്ക് കാഴ്ച തിരികെ കിട്ടിയത്.
രണ്ടര വർഷം മുമ്പാണ് ജിമെനയ്ക്ക് കാഴ്ച നഷ്ടപ്പെട്ടത്. അഞ്ചാം തീയതി രാവിലെ പരിശുദ്ധ പിതാവിനോടൊപ്പം ഫാത്തിമ ദേവാലയത്തിൽ ജപമാല ചൊല്ലി കൊണ്ടിരിക്കുമ്പോൾ കന്യാമറിയത്തിൽ നിന്ന് “മഹത്തായ സമ്മാനം” ലഭിച്ചു. വിശുദ്ധ കുർബാനക്കിടെ ദിവ്യകാരുണ്യം സ്വീകരിച്ചതിന് ശേഷം ഞാൻ കരയാൻ തുടങ്ങി. നൊവേനയുടെ അവസാന ദിവസമായതിനാൽ എനിക്ക് സുഖം ലഭിക്കണമേയെന്ന് ദൈവത്തോടും മാതാവിനോടും ആഗ്രഹിച്ച് പ്രാർത്ഥിച്ചു.
ഞാൻ കണ്ണു തുറന്നപ്പോൾ എനിക്ക് നന്നായി കാണാൻ കഴിഞ്ഞു. ബലിപീഠവും കൂടാരവും കണ്ടു. ഇപ്പോൾ താൻ വളരെ സന്തോഷവതിയാണ്, പ്രാർത്ഥനാ ഗ്രൂപ്പിന്റെ ഭാഗമായ എല്ലാവർക്കും നന്ദി പറയുന്നെന്നും പതിനാറുകാരി പറഞ്ഞു. ഇത് വിശ്വാസത്തിന്റെ ഒരു പരീക്ഷണമായിരുന്നു, കന്യകാ മാതാവ് എനിക്ക് മറക്കാനാവാത്ത ഒരു വലിയ സമ്മാനം തന്നിട്ടുണ്ടെന്ന് ജിമിനെ കൂട്ടിച്ചേർത്തു.
ജിമെനയുമായി വീഡിയോ കോളിൽ സംസാരിച്ചെന്നും എന്താണ് സംഭവിച്ചതെന്ന് ജിമെന വിശദീകരിച്ചുവെന്നും ബാഴ്‌സലോണയുടെ ആർച്ച് ബിഷപ്പും സ്പാനിഷ് ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദ്ദിനാൾ ജുവാൻ ജോസ് ഒമേല്ല പറഞ്ഞു. പെൺകുട്ടി വളരെ ആവേശത്തിലായിരുന്നു, കുറച്ചു കാലമായി അവൾ അന്ധയായിരുന്നു. രണ്ടോ മൂന്നോ വർഷമായി അവൾ ബ്രെയിൽ രീതി പഠിക്കുകയായിരുന്നു. മാതാവിനോട് രോഗ ശാന്തിക്കായി യാചിച്ച് ഒമ്പത് ദിവസമായി തങ്ങൾ പ്രാർത്ഥിക്കുകയായിരുന്നുവെന്നും യുവതി കർദ്ദിനാളിനോട് പറഞ്ഞു. ഇനി കൂടുതൽ വസ്തുത ഡോക്ടർമാർ വിലയിരുത്തേണ്ടതുണ്ട്. ദൈവം അനുഗ്രഹിക്കട്ടെയെന്നും കർദ്ദിനാൾ പറഞ്ഞു.