ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവർ എതിർത്തതോടെ 3–2 എന്ന നിലയിലാണ് ഹർജികൾ തള്ളിയത്.
ഇതിൽ ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ചു മാസത്തിനുശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധിപ്രസ്താവം.