വത്തിക്കാന്‍ സിറ്റി: അടിമയായി വില്‍ക്കപ്പെട്ടെങ്കിലും പിന്നീട് സന്യാസിനിയായി മാറിയ വിശുദ്ധ ബക്കിത്തയുടെ തിരുനാള്‍ദിനമായ ജനുവരി എട്ടാം തിയതി മനുഷ്യക്കടത്തിനെതിരായുള്ള അവബോധമുണര്‍ത്തുന്ന പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. ക്ലേശങ്ങളനുഭവിക്കുന്ന മനുഷ്യരുടെ നിലവിളിക്ക് ചെവികൊടുക്കണമെന്ന് ദിനാചരണത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.
യുദ്ധവും സംഘർഷവും കാലാവസ്ഥ വ്യതിയാനവും നിമിത്തം പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായവരോട്, പ്രത്യേകിച്ചും ലൈംഗികമായി ചൂഷണത്തിനിരയാകുന്ന സ്ത്രീകളോടും കുട്ടികളോടുപ്പമാണ് താനെന്ന് പാപ്പ പറഞ്ഞു. ഒരോ മനുഷ്യന്റെയും അന്തസ്സിനെ അംഗീകരിക്കുവാനും മനുഷ്യക്കടത്തും എല്ലാ തരത്തിലുള്ള ചൂഷണത്തെയും ഏതിര്‍ക്കുവാനും വിശുദ്ധ ബക്കിത്ത നമ്മെ പ്രചോദിപ്പിക്കുന്നു. മനുഷ്യക്കടത്തിനെതിരായ പോരാട്ടം വിജയിക്കുന്നതിന് അതിന്റെ വേരുകള്‍ കണ്ടെത്തി നശിപ്പിക്കേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അന്തസോടെയുള്ള യാത്ര: ശ്രവിക്കുക, സ്വപ്നം കാണുക, പ്രവര്‍ത്തിക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം.