വത്തിക്കാൻ: ഇസ്രായേൽ -പലസ്തീൻ സംഘർഷത്തിൽ ഇരയാവുന്ന വിശുദ്ധ നാട്ടിലെ അക്രമങ്ങളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ഒക്ടോബർ മാസം പതിനഞ്ചാം തീയതി ഞായറാഴ്ച സാന്താ മരിയ മജോരെ ബസിലിക്കയുടെ അങ്കണത്തിൽ റോമൻ വികാരിയാത്ത് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു.
രാത്രി ഒൻപതു മണിക്കാണ് പ്രാർത്ഥന. റോമൻ രൂപതയുടെ വികാരി കർദിനാൾ ആന്ജെലോ ദേ ഡൊണാറ്റിസ് മുഖ്യകാർമ്മികത്വം വഹിക്കും. പ്രാർത്ഥനാവസരത്തിൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ “സാലൂസ് പോപ്പോളി റൊമാനി” എന്ന അത്ഭുതചിത്രം ദേവാലയത്തിന്റെ അങ്കണത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കും.
വിശുദ്ധ നാട്ടിലും, ലോകത്തിലുള്ള മറ്റു സ്ഥലങ്ങളിലും ചെറുതും വലുതുമായ യുദ്ധങ്ങൾ അരങ്ങു തകർക്കുമ്പോൾ സമാധാനം പുനഃസ്ഥാപിക്കപ്പെടുവാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുവാൻ വേണ്ടിയാണ് ജപമാലസമർപ്പണം നടത്തുന്നത്.
പരിശുദ്ധ അമ്മയുടെ “സാലൂസ് പോപ്പോളി റൊമാനി” എന്ന അത്ഭുതചിത്രം വിശുദ്ധ ലൂക്ക വരച്ച ചിത്രമാണിതെന്നാണ് പാരമ്പര്യം പറയുന്നത്.ചരിത്രപരമായി ഇത് റോമിലെ ഏറ്റവും പ്രധാനപ്പെട്ട മരിയൻ ഐക്കണാണ്.