ഡൽഹി : കഴിഞ്ഞ ദിവസം കുനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സമിതി അനുശോചിച്ചു. ഹെലികോപ്റ്ററിൽ സഞ്ചരിച്ച 14 പേരിൽ ഭാരതത്തിന്റെ സംയുക്ത സൈന്യാധിപനായ ജനറൽ ബിപിൻ റാവത്തും (63) പത്നി മധുലിക റാവത്തും ഉൾപ്പെടെ 13 പേരും മരണപ്പെട്ടു.
ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്നും അവരുടെ കുടുംബാംഗങ്ങളുടെയും രാജ്യത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഫെലിക്സ് മച്ചാഡോ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരിക്കുകളോടെ ഊട്ടിയിലെ വെല്ലിംഗ്ടൺ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയാണ് വരുൺ. വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ ഒരു പ്രഭാഷണത്തിനായുള്ള യാത്രയിലായിരുന്നു ജനറലും സംഘവും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ലോകരാഷ്ട്രങ്ങളും അനുശോചനം രേഖപ്പെടുത്തി.