മേനംകുളം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായുള്ള സംവാദം മേനംകുളം മരിയൻ എഞ്ചിനീയറിങ് കോളേജ് ആഡിറ്റോറിയത്തിൽ നടന്നു. ലത്തീൻ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന അവകാശ പത്രിക സ്ഥാനാർത്ഥികളുടെ മുമ്പിൽ അവതരിപ്പിച്ചു. വിജയിക്കുന്ന സ്ഥാനാർഥി തീരദേശ വാസികളുടെ പ്രശ്നങ്ങളോടുള്ള സമീപനം എങ്ങനെയായിരിക്കുമെന്ന് വ്യക്തമാക്കുന്ന വേദിയായിത്തീർന്നു മുഖാമുഖം പരിപാടി.
ചർച്ചയിൽ പ്രധാനമായും മുതലപ്പൊഴി, തീരദേശ ഹൈവേ വിഷയങ്ങളാണ് എല്ലാവരും ഉന്നയിച്ചത്. ഈവിഷയത്തിൽ ജനപ്രതിനിധികൾ പുലർത്തുന്ന നിസംഗതയേയും അവഗണനയേയും ചർച്ചയിൽ പങ്കെടുത്തവർ ശക്തമായി ഉന്നയിച്ചു. മുതലപ്പൊഴി ഹാർബറിൽ ഇതുവരെയായി 69-ഓളം ജീവൻ പൊലിഞ്ഞിട്ടും ഇനിയും ശാശ്വതമായ പരിഹാരം കണ്ടെത്താനാകാതെ അധികാരികൾ ഇരുട്ടിൽ തപ്പുകയാണെന്നു ചർച്ചയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി. തീരദേശഹൈവേ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സർവേക്കല്ലുകൾ സ്ഥാപിച്ചതിനെ പറ്റിയുള്ള ആശങ്ക സ്ഥാനാർത്ഥികളുടെ മുമ്പിൽ അവതരിപ്പിച്ചു.
കോൺഗ്രസ് സ്ഥാനാർഥി അടൂർ പ്രകാശ് താൻ ഇതുസംബന്ധിച്ചു നിരവധിപ്രാവശ്യം പാർലമെന്റിൽ ഈവിഷയം ഉന്നയിക്കുകയും പരിഹാരം കാണാൻപരിശ്രമിക്കുകയും ചെയ്തതായി അറിയിച്ചു. ജാതീയമായ വേർതിരുവുകളില്ലാതെ കടൽ കടലിന്റെ മക്കൾക്ക് എന്ന നിലപാടിൽ ഉറച്ച് നില്ക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയി പറഞ്ഞു. എൻ. ഡി. എ സ്ഥാനർത്ഥിയുടെ അസാന്നിധ്യത്തിൽ ആദ്ദേഹത്തിന്റെ നിലപാട് സദസിൽ വായിച്ചു. ഇടതുപക്ഷസർക്കാർ മുതലപ്പൊഴി ഹാർബറിൽ നിലനിൽക്കുന്ന അപകടാവസ്ഥ ഇല്ലാതാക്കുന്നതിന് അദാനി പോർട്സുമായിച്ചേർന്നു നടത്തിയ ശ്രമങ്ങൾ സ്ഥലം എം.എൽ.എ കൂടിയായ വി. ശശി വിവരിച്ചു.
KLCA പുതുക്കുറിച്ചി ഫൊറോനാ സെക്രട്ടറി ശ്രീ. രാജു തോമസ് സ്വാഗതവും രാഷ്ട്രീയകാര്യസമിതി അംഗം ശ്രീ. ജൂഡ് ജോർജ് കൃതജ്ഞതയും പറഞ്ഞു. ശ്രീമതി ജോളി പത്രോസ് അവകാശരേഖ അവതരിപ്പിച്ചു. ജോൺസൻ ജമെന്റ് മോഡറേറ്ററായിരുന്നു. തിരുവനന്തപുരം അതിരൂപതയിലെ കഴക്കൂട്ടം, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ഫൊറോനകൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക് സഭാ മണ്ഡലം. തിരുവനന്തപുരം ലത്തീൻ അതിരൂപത രാഷ്ട്രിയകാര്യ സമിതിയുടെ നേതൃത്വത്തിലാണ് മുഖാമുഖം പരിപാടി നടന്നത്.