ഭരണാധികാരികളുടെ കെടുകാര്യസ്ഥതയാണ് മുതലപ്പൊഴിയിലുണ്ടാകുന്ന തുടർച്ചയായ അപകടങ്ങളുടെ കാരണം. തീരദേശ ഗവേഷകനായ ശ്രീ. ജോസഫ് വിജയൻ മുതലപ്പൊഴിയിലെ അവസ്ഥയെപ്പറ്റി വിശദീകരിക്കുന്നു:
മുതലപ്പൊഴിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ തുറമുഖത്തിന്റെ കവാടത്തിൽ മണൽ അടിഞ്ഞുകൂടുന്ന പ്രശ്നമുണ്ടായിരുന്നു. 2002 മുതലുള്ള എല്ലാ ഭരണാധികാരികളും ഈ മരണങ്ങൾക്ക് കാരണക്കാരാണ്. 2002- ൽ ചെന്നൈലെ ഐ. ഐ. ടി ആണ് ഈ തുറമുഖത്തിന്റെ പ്ലാൻ ഉണ്ടാക്കിയത്. പുളിമുട്ടിട്ട് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ പെരുമാതുറ ഭാഗത്തുള്ള പുളിമുട്ടുകൾക്കൊപ്പം വൻതോതിൽ മണലടിയാനും തുടങ്ങി.
മണലടിഞ്ഞിട്ടും കടലിൽ നിർമ്മിക്കേണ്ട ബ്രേക്ക് വാട്ടർ മണലിലാണ് നിർമിച്ചത്. 2011-ൽ ഇതിനെ സംബന്ധിച്ച വ്യക്തമായ പഠനം നടത്തി പൂനൈ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റഡിസ്, എന്താണ് ഈ അപകടങ്ങൾക്കുള്ള കാരണം, എന്താണ് ഇതിനുള്ള പരിഹാരമാർഗം എന്നിവയുൾപ്പെടുന്ന ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പ്രകൃതിയുടെ പ്രതിഭാസമനുസരിച് മണലടിയുന്നതിന്റെ അളവ് ഈ നിർമ്മാണ പ്രവർത്തനം മൂലം കൂടുമെന്നത് റിപ്പോർട്ടിൽ വ്യക്തമാണ്. കേന്ദ്ര ഗവർൺമെന്റ് കോടികൾ മുടക്കി നടത്തിയ പഠന റിപ്പോർട്ട് സ്ഥലം സന്ദർശിച്ച മന്ത്രിമാർ ഒരു വട്ടം പോലും തുറന്നു നോക്കിയിട്ടുണ്ടാവില്ല. തുറമുഖമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ മത്സ്യബന്ധന ബോട്ടുകൾക്ക് അല്ലെങ്കിൽ കപ്പലുകൾക്ക് സുരക്ഷിതമായി വന്നു പോകാനുള്ള സംവിധാനമൊരുക്കുന്നതാണ്. ഇവിടെ നടക്കുന്ന പ്രധാന പ്രശ്നം മണലടിയുന്നതാണെങ്കിൽ ഇതിനുള്ള പരിഹാരമായി പഠനത്തിൽ നിർദ്ദേശിക്കുന്നത് റെഗുലർ സാൻഡ് ബൈപ്പാസിംഗ് ആണ്. ഇതിനു പണച്ചിലവും കൂടുതലാണ്. അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഇതിനു ശാശ്വതമായ പരിഹാര പ്രവർത്തനങ്ങൾ നടത്താൻ അധികാരികൾക്കിതുവരെയും ആയിട്ടില്ല.