കേരളം മറ്റൊരു മൺസൂൺ കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആവർത്തിക്കുന്ന ചുഴലിക്കാറ്റുകളും അപ്രതീക്ഷിത ആപകടങ്ങളും, കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തുടർച്ചയായി ആശങ്കയിലാഴ്ത്തുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് ഇവരുടെ ഉപജീവനമാർഗ്ഗത്തിൽ നിർണ്ണായക സ്ഥാനമുണ്ടെന്ന് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്. ഇക്കാര്യത്തിലെ ദീർഘവീക്ഷണത്തോടെയുള്ള ചുവടുവൈപ്പായി മാറിയിരിക്കുകയാണ് 2014- മുതൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി പ്രവർത്തിക്കുന്ന റേഡിയോ മൺസൂൺ.
സംസ്ഥാനത്തിന്റെ ഔദ്യോഗിക കാലാവസ്ഥ സംവിധാനമായ ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്മെന്റും (ഐഎംഡി), ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രവും (ഇൻകോയിസ്) ആണ് വർഷങ്ങളായി കാലാവസ്ഥ സംബന്ധമായ വിവരങ്ങളും മുന്നറിയിപ്പുകളും നൽകുന്നത്. എന്നാൽ പലപ്പോഴും ഈ ഏജൻസികൾ പങ്കുവയ്ക്കുന്ന സാങ്കേതിക വിവരങ്ങൾ കൃത്യമായി മനസ്സിലാക്കാനോ, മത്സ്യത്തൊഴിലാളികളിലെത്തിക്കാനോ സാധിക്കാറില്ല. ചുഴലിക്കാറ്റ് പോലുള്ള അതീവ നിർണായക സാഹചര്യങ്ങളിൽ മാത്രമാണ് മാധ്യമങ്ങൾ വഴിയും പള്ളികളിൽ വിളിച്ച് പറഞ്ഞും കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകാറുള്ളത്. അതേസമയം കടലിൽ 30 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ്പോലും മത്സ്യത്തൊഴിലാളികൾക്ക് അപകടകരമാകാറുമുണ്ട്
ഈ സാഹചര്യത്തിലാണ് റേഡിയോ മൺസൂൺ, തീരദേശ കാലാവസ്ഥ റേഡിയോ സർവ്വീസിലൂടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി ദിവസേനയുള്ള കാലാവസ്ഥ റിപ്പോർട്ടുകൾ ലളിതമായ ഭാഷയിൽ, സൗജന്യമായി മത്സ്യത്തൊഴിലാളികൾക്ക് നൽകി തങ്ങളുടെ ദൗത്യം നിർവ്വഹിക്കുന്നത്. ഓരോ ദിവസവും ഐഎംഡി, ഇൻകോയിസ് ഔദ്യോഗിക ഏജൻസികൾ നൽകുന്ന കാലാവസ്ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ബുള്ളറ്റിൻ ഒരുങ്ങുന്നത്. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്തോടെ, അവരുടെ അനുമാനങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന ഈ കാലാവസ്ഥ റിപ്പോർട്ടുകൾ ശബ്ദ സന്ദേശങ്ങളായി ആർക്കും എളുപ്പം സൗജന്യമായി കേൾക്കാനാവുന്ന വിധത്തിൽ നൽകുന്നു.
ഈ മൺസൂൺ കാലത്ത് അതാത് ദിവസത്തെ കാലാവസ്ഥ റിപ്പോർട്ട് കേൾക്കാൻ താല്പര്യമുള്ള മത്സ്യത്തൊഴിലാളികൾ; +91 92667 44111 എന്ന റേഡിയോ മൺസൂൺ നമ്പരിലേക്ക് മിസ്ഡ് കോൾ നൽകിയാൽ മാത്രം മതിയാകും. നിമിഷങ്ങൾക്കകം തിരിച്ച് ലഭിക്കുന്ന ഫോൺ കോളിന്റെ മറുതലയ്ക്കൽ നിന്ന് കാലാവസ്ഥാ സന്ദേശവും ലഭ്യമാകും. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കാണ് റേഡിയോ മൺസൂൺ അതത് ദിവസത്തെ കാലാവസ്ഥ ബുള്ളറ്റിൻ ലഭ്യമാക്കുക. ഈ മൺസൂൺ കാലത്തും (കടപ്പുറത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ആനി ആടിക്കാലത്ത്) സുരക്ഷിതമായ മത്സ്യബന്ധനം യാഥാർത്ഥ്യമാക്കാൻ ഇക്കാര്യം പ്രയോജനപ്പെടുത്തി, മത്സ്യത്തൊഴിലാളികളുടെ ദിനചര്യയുടെ ഭാഗമാക്കണമെന്നാണ് റേഡിയോ മൺസൂൺ പ്രവർത്തകരുടെ അപേക്ഷ. അതുകൊണ്ട് ഇക്കാര്യം ഒരു മത്സ്യത്തൊഴിലാളിയെയെങ്കിലും അറിയിക്കാനാണ് സിന്ധു മരിയ നെപ്പോളിയൻ എന്ന റേഡിയോ മൺസൂൺ പ്രവർത്തകയുടെ ആവശ്യവും.
റേഡിയോ മൺസൂൺ ഫെയ്സ്ബുക്ക്, വെബ്സൈറ്റ്, ട്വിറ്റർ, മത്സ്യത്തൊഴിലാളികൾ അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പ്, Wind and Waves വെബ്സൈറ്റ് എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുമുണ്ട്. കുസാറ്റിലെയും ഇൻകോയിസ്, ഐഎംഡി എന്നിവിടങ്ങളിലെയും വിദഗ്ധർ പങ്കുവയ്ക്കുന്ന ഗ്രാഫുകളും ചിത്രങ്ങളും സഹിതമാണ് ഈ പേജുകളിൽ അതാത് ദിവസത്തെ കാലാവസ്ഥ വിവരങ്ങൾ ലഭ്യമാക്കുന്നത്.
കേരളത്തിലെയും വിദേശത്തെയും ചില ഗവേഷകരുടെ സഹായത്തോടെയാണ് റേഡിയോ മൺസൂൺ ഇത്രയും കാലം പ്രവർത്തിച്ചുവരുന്നത്. ഇപ്പോൾ തിരുവനന്തപുരം ജില്ലയും പൂവാറിന് തെക്ക് തമിഴ്നാടിന്റെ കുറച്ച് ഭാഗങ്ങളും ഉൾപ്പെടുന്ന മേഖലയിലെ കടലിൽ പണിക്ക് പോവുന്നവരെ ലക്ഷ്യം വച്ചാണ് സേവനം ബുള്ളറ്റിൻ നൽകുന്നത്.
വിവരങ്ങൾ ലഭ്യമാകുന്ന പ്ലാറ്റ്ഫോമുകളുടെ ലിങ്കും താഴെ നൽകുന്നു.
https://www.facebook.com/RadioMonsoon/
https://monsoonradio.wordpress.com/
https://twitter.com/radiomonsoon?s=09
https://wind.25p.in/