പൂന്തുറ: ഇടയാറിനും പൂന്തുറ ബീച്ചിനും ഇടയിലുള്ള നാല് കിലോമീറ്റർ തീരം വ്യാപകമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിതറിക്കിടക്കുന്ന ദുരിതക്കാഴ്ചയാണ് സമ്മാനിക്കുന്നത്. പൂന്തുറ സെന്റ് തോമസ് ഇടവക വികാരി ഫാ. ഡാർവിൻ പീറ്ററും അൾത്താരബാലകരുൾപ്പെടെയുള്ള 132 കുട്ടികളും ചേർന്ന് കടൽതീരത്തെ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് മാതൃകയായി.
ഒരുകാലത്ത് മനോഹരമായിരുന്ന പൂന്തുറ ബീച്ചിനെ മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നതിൽ പ്രദേശവാസികൾ ഏറെക്കാലമായി അതൃപ്തിയിലാണ്. മുന്നിലുള്ളത് വലിയ വെല്ലുവിളിയാണന്നറിഞ്ഞിട്ടും വൈദീകന്റെയും കുട്ടികളുടെയും നിശ്ചയദാർഢ്യത്തിൽ വലിയൊരു സംരംഭത്തിന് തുടക്കംകുറിക്കാൻ സാധിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ 200 കയ്യുറകളും 62 ചാക്കുകളും നൽകിയപ്പോൾ ഒരു പ്രാദേശിക റിസോർട്ടുടമ 150 തൊപ്പികൾ നൽകി ശുചീകരണ യ്ജ്ഞത്തിന് പ്രോത്സാഹനം നൽകി.
തിരുവല്ലം ഭാഗത്തുനിന്നും കരമനയാറിൽ നിന്നുമാണ് ടൺകണക്കിന് മാലിന്യങ്ങൾ കടലിലും കടൽ തീരത്തുമായി വന്നടിയുന്നത്. മണിക്കുറുകൾ നീണ്ട പ്രയത്നംകൊണ്ട് ഒരു ഭാഗത്തെ മാലിന്യം മാത്രമേ നീക്കാനായുള്ളൂവെന്ന് നേതൃത്വം നൽകിയ ഫാ. ഡാർവിൻ പീറ്റർ പറഞ്ഞു. കനത്ത മഴകാരണം നിർത്തിവയ്ക്കേണ്ടി വന്ന ശുചീകരണ പ്രവർത്തനം വരുംദിവസങ്ങളിൽ കുടുംബ കൂട്ടായ്മകളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ വിപുലമായി തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.