വത്തിക്കാൻ: മൊറോക്കോയിൽ അനേകരുടെ ജീവനപഹരിച്ച ഭൂകമ്പത്തിലും ബ്രസീലിലെ ഹിയൊ ഗ്രാഞ്ചെ ദൊ സൂ സംസ്ഥാനത്തിൽ ഈ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും ജീവൻ നഷ്ടമായവർക്ക് അനുശോചനവും ദുരന്തത്തിനിരയായവർക്ക് പ്രാർത്ഥനയും നേർന്ന് ഫ്രാൻസിസ് പാപ്പ.
സെപ്റ്റംബർ 8-ന് വെള്ളിയാഴ്ച രാത്രി മൊറോക്കോയിലെ മറക്കേഷ് പ്രദേശം പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പ ദുരന്തം ആയിരത്തിലേറെപ്പേരുടെ ജീവനപഹരിക്കുകയും അനേകരെ പരിക്കേൽപ്പിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു. ഭൂകമ്പ മാപനിയായ റിക്ടെർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂമികുലുക്കമാണുണ്ടായത്.
ബ്രസീലിൽ സെപ്റ്റംബർ 4-ന് ആരംഭിച്ച ചുഴലിക്കാറ്റിലും പേമാരിയിലും നാല്പതിലേറെപ്പേരുടെ ജീവൻ നഷ്ടപ്പെടുകയും ജനങ്ങളുടെ ജീവിതം ദുസ്സഹമാകുകയും ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു.