“നമ്മിൽ ഓരോരുത്തരുടെയും ദുർബലത, കർത്താവുമായുള്ള വ്യക്തിപരമായൊരു കണ്ടുമുട്ടലിന്റെ അവസരമാണ് ,” ജൂൺ 7 ന്, വത്തിക്കാനിൽവച്ച് നടന്ന ഫ്രാൻസിൽ നിന്നും പഠനത്തിനായെത്തിയ വൈദികരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“‘ സൂപ്പർമാൻ ’പുരോഹിതന്മാർ എല്ലാവരും പരാജയപ്പെടും,” പാപ്പാ പറഞ്ഞു. “ തന്റെ ബലഹീനതകൾ അറിയുകയും അവയെക്കുറിച്ച് കർത്താവുമായി സംസാരിക്കുകയും ചെയ്യുന്ന ദുർബലനായ പുരോഹിതൻ, അയാൾ തീർച്ചയായും വിജയിക്കും.”
തങ്ങളുടെ സംരക്ഷണയിലുള്ള വിശ്വാസികളുടെ സേവനത്തിൽ തത്പരരായി എപ്പോഴും നല്ല അജപാലകന്മാരായി തീരാൻ മറക്കരുതെന്നും റോമിലെ വിവിധ കലാലയങ്ങളിൽ പഠിക്കുന്ന 20ഓളം പേരുള്ള വൈദികരുടെ സംഘത്തോട് ഫ്രാൻസിസ് മാർപാപ്പ ഉത്ബോധിപ്പിച്ചു.
“നിങ്ങളുടെ സ്വന്തം വളർച്ച, വ്യക്തിപരമായ ഉന്നതി, അതിനെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നങ്ങൾ, നിങ്ങളുടെ മുൻകൂട്ടി ചിന്തിച്ചുറച്ച തീരുമാനങ്ങളും ആശയങ്ങളും ഇവയൊക്കെ മാറ്റിവയ്ക്കുക, നിങ്ങളുടെ ദൈനംദിന ചിന്തകളുടെ മദ്ധ്യേ ദൈവത്തെയും അജഗണത്തെയും പ്രതിഷ്ഠിക്കുക ” അദ്ദേഹം പറഞ്ഞു. ഒരു “അജപാലകൻ” എന്നതിനേക്കാൾ ഒരു “ബുദ്ധിജീവി” എന്ന വ്യക്തിത്വം സ്ഥാപിക്കുന്നതിനെതിരെ ഫ്രഞ്ച് വൈദികർക്ക് പാപ്പ മുന്നറിയിപ്പും നൽകി.
“നിങ്ങൾക്ക് പലവിധത്തിൽ അജപാലകരാകാനാകും , പക്ഷേ എല്ലായ്പ്പോഴും ദൈവജനത്തിനിടയിലായിരിക്കണം നിങ്ങളുടെ സ്ഥാനം ,” അദ്ദേഹം പറഞ്ഞു. “വിവിധ റോമൻ സർവ്വകലാശാലകളിൽ നിങ്ങൾ ചെയ്യുന്ന പഠനങ്ങൾ അജപാലകരെന്ന നിലയിൽ നിങ്ങളുടെ ഭാവി ചുമതലകൾക്കായി നിങ്ങളെ ഒരുക്കുന്നു.
“പുരോഹിതൻ, സുവിശേഷത്തിന്റെ വെളിച്ചത്തിൽ, ദൈവത്തിന്റെ അഭീഷ്ടം നിറവേറ്റുകയും, അസ്വസ്ഥമായ ഹൃദയങ്ങളിൽ പ്രത്യാശ പകരുകയും ചെയ്യേണ്ട മനുഷ്യനാണ്.” അദ്ദേഹം തുടർന്നു.
“ധൈര്യത്തോടെ അപകടസാധ്യതകൾ ഏറ്റെടുക്കാനും മുന്നോട്ട് പോകാനും ഭയപ്പെടരുത്, കാരണം നിങ്ങൾക്ക് ശക്തി നൽകുന്ന ക്രിസ്തുവിനൊപ്പം എല്ലാം ചെയ്യാൻ നിങ്ങൾക്ക് കഴിയും,” അദ്ദേഹം പറഞ്ഞു. “അവനോടൊപ്പം നിങ്ങൾ സന്തോഷത്തിന്റെ അപ്പോസ്തലന്മാരാകണം, നിങ്ങളുടെ സഹോദരന്മാരുടെയും സഭയുടെയും സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ സന്തോഷം നിങ്ങൾക്കുണ്ടാകണം.” നർമ്മബോധം ഈ സന്തോഷത്തിന്റെ ഒരു പ്രധാന ഭാഗമാണെന്നും വിശുദ്ധിയുടെ അടയാളമാണെന്നും ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.