വത്തിക്കാൻ: 2025 ജൂബിലിയുടെ ഒരുക്കമായി 2024 പ്രാർത്ഥനയ്ക്കായി സമർപ്പിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. നവംബർ 11-ന് വത്തിക്കാനിൽ ഒരു കൂട്ടം ദൈവാലയ പുരോഹിതന്മാരുമായും തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പാപ്പ ഇക്കാര്യം അറിയിച്ചത്. “അടുത്ത വർഷം, 2025 ജൂബിലിയുടെ തയ്യാറെടുപ്പിനായി, പൂർണ്ണമായും പ്രാർത്ഥനയ്ക്കായി സമർപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം പ്രാർത്ഥനയ്ക്കായി സമർപ്പിക്കും, ”അദ്ദേഹം അവരോട് പറഞ്ഞു.
പ്രാർത്ഥനയിൽ വാക്കുകൾ ഹൃദയത്തിൽ നിന്നുമുയരണം. അത് വെറും ചടങ്ങിനെന്നപോലെ വായിച്ചുപോകേണ്ട ഒന്നല്ല. ലളിത്യത്തോടെ ജീവിച്ച് എളിമയോടെ ഇടപഴകി ക്രിസ്തുവിന്റെ ഹൃദയത്തോട് അനുരൂപപ്പെടുന്നതാണ് പ്രാർത്ഥന. നമ്മുടെ പ്രവർത്തനങ്ങളിൽ ക്രിസ്തു പ്രതിഫലികുന്നില്ലെങ്കിൽ പ്രാർത്ഥനകൾ നിരർത്ഥകമാകുന്നു. 2024 വർഷം പ്രാർത്ഥനയുടെ വർഷമായി ആചരിക്കുന്നതിനാവശ്യമായ ഗൈഡുകൾ ഉടൻ പ്രസിദ്ധീകരിക്കുമെന്നും പാപ്പ പറഞ്ഞു.