വത്തിക്കാൻ: കുടിയേറ്റക്കാരായ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ ആഗോള പ്രാർത്ഥനാശൃംഖല വഴിയായി ജൂൺ മാസത്തിലെ പ്രാർത്ഥനാനിയോഗം സമർപ്പിച്ചു.
പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:
പ്രിയ സഹോദരീ, സഹോദരങ്ങളെ.സ്വന്തം രാജ്യം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങൾക്കുവേണ്ടി ഈ മാസം പ്രാർത്ഥിക്കണമെന്ന് പ്രത്യേകം ഞാൻ ആഗ്രഹിക്കുന്നു. യുദ്ധങ്ങളിൽ നിന്നോ ദാരിദ്ര്യത്തിൽ നിന്നോ മോചനം പ്രാപിക്കുന്നതിനുവേണ്ടി മാതൃരാജ്യം ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുന്ന ആളുകൾ അനുഭവിക്കുന്ന ദുരന്തത്തിന് പുറമേ, തങ്ങൾ ആയിരിക്കുന്ന ഇടം പോലും മനസിലാക്കാൻ സാധിക്കാത്തവണ്ണം വേരുകളറ്റുപോയെന്നുള്ള തോന്നലുകളും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.
ചില സ്ഥലങ്ങളിൽ കുടിയേറ്റക്കാരുടെ വരവ് തന്നെ ഭീതിയും, ആശങ്കയും ഉളവാക്കുന്നതാണ്. ഇവിടെയാണ് ഭൂമിയിൽ മതിലുകളെന്ന സ്വത്വം സൃഷ്ടിക്കപ്പെടുന്നത്: കുടുംബങ്ങളെയും, ഹൃദയങ്ങളെയും വേർതിരിക്കുന്ന മതിലുകൾ. നമ്മൾ ക്രിസ്ത്യാനികൾക്ക് ഇത്തരത്തിലുള്ള ഒരു മനസ്ഥിതി പങ്കുവയ്ക്കുവാൻ സാധിക്കുകയില്ല. കുടിയേറ്റക്കാരനായ ഒരു വ്യക്തിയെ സ്വീകരിക്കുന്നവൻ, ക്രിസ്തുവിനെ തന്നെയാണ് സ്വീകരിക്കുന്നത്.
കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്ന ഒരു സാമൂഹികവും രാഷ്ട്രീയവുമായ സംസ്കാരം നാം പ്രോത്സാഹിപ്പിക്കണം. ഇത്തരത്തിലുള്ള ഒരു സംസ്കാരം, അവരെ വളരുവാൻ സഹായിക്കുന്നതും, ഏകീകരണത്തിനു ഉതകുന്നതും ആയിരിക്കണം. ഒരു കുടിയേറ്റക്കാരനെ അനുഗമിക്കുകയും, പിന്തുണയ്ക്കുകയും, കൂടെ ചേർക്കുകയും വേണം. യുദ്ധങ്ങളിൽ നിന്നോ ക്ഷാമത്തിൽ നിന്നോ പലായനം ചെയ്ത്, അപകടങ്ങളും, അക്രമവും നിറഞ്ഞ യാത്രകൾക്ക് നിർബന്ധിതരാകുന്ന കുടിയേറ്റക്കാർക്ക് സ്വീകാര്യതയും ജീവിതത്തിൽ പുതിയ അവസരങ്ങളും ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.