മാതൃസ്നേഹവും സാന്ത്വനവുമേകുന്ന പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യത്തിന്റെ പ്രാധാന്യത്തിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ. മാതൃസ്നേഹത്തിന്റെ ഭാഷയിൽ വിശ്വാസം പ്രകടമാക്കപ്പെടുന്ന മരിയൻ ദേവാലയങ്ങൾ കൂടുതലായി സന്ദർശിക്കാൻ ആഹ്വാനം ചെയ്‌തു. ഓഗസ്റ്റ് 23 ബുധനാഴ്ച ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് കന്യകാമേരിയുടെ സന്നിധിയിൽ സമാധാനം അനുഭവിക്കാൻ പാപ്പാ ഉദ്ബോധിപ്പിച്ചത്.
“മരിയൻ ആരാധനാലയങ്ങൾ സന്ദർശിക്കാൻ നമുക്ക് പരിശ്രമിക്കാം. വിശ്വാസം ഒരു അമ്മയുടേതായ വാക്കുകളിൽ പ്രകടമാക്കപ്പെടുന്ന, അനുദിനജീവിതത്തിന്റെ അദ്ധ്വാനങ്ങൾ പരിശുദ്ധ കന്യകയുടെ കരങ്ങളിൽ സമർപ്പിക്കപ്പെടുന്ന, ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും ഈ മരുപ്പച്ചകളിലാണ് ഒരുവൻ ഹൃദയത്തിൽ സമാധാനം കണ്ടെത്തിയുള്ള ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്.”
എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം.