വത്തിക്കാൻ: അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള കുട്ടികളുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പ. ഒക്ടോബർ ഒന്നിലെ ത്രികാലജപ പ്രാർഥനാവേളയിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ജാലകത്തിൽ അഞ്ചു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ചുകുട്ടികളും പാപ്പയോടൊപ്പം ഉണ്ടായിരുന്നു.
“കുട്ടികളെപ്പോലെ പരിശുദ്ധമായ വികാരങ്ങളിലേക്കു മടങ്ങുക; കാരണം സ്വർഗരാജ്യം അവരുടേതാണ്. ബന്ധങ്ങളിൽ എങ്ങനെ സുതാര്യത പുലർത്തണമെന്നും അപരിചിതരെ എങ്ങനെ സ്വീകരിക്കണമെന്നും സൃഷ്ടികളെ എങ്ങനെ പരിപാലിക്കാമെന്നും കുട്ടികൾ നമ്മെ പഠിപ്പിക്കുന്നു” – പാപ്പ സന്ദേശത്തിൽ പങ്കുവച്ചു. നവംബർ ആറിന് വത്തിക്കാനിൽവച്ച് കുട്ടികളുമായുള്ള കൂടിക്കാഴ്ച നടത്തുമെന്നും മാർപാപ്പ ഔദ്യോഗികമായി അറിയിച്ചു.
വി. കൊച്ചുത്രേസ്യായുടെ തിരുനാൾദിനമായ ഒക്ടോബർ ഒന്നിന്, സ്വർഗത്തിലേക്കുള്ള വിശുദ്ധയുടെകുറുക്കുവഴിയെക്കുറിച്ചും ഒക്ടോബർ 15 -ന് പുറത്തിറക്കുന്ന ഫ്രാൻസിസ് പാപ്പയുടെ പുതിയ അപ്പസ്തോലികലേഖനത്തെക്കുറിച്ചും പാപ്പ പങ്കുവച്ചു.