20-ആം നൂറ്റാണ്ടിലെ പോളിഷ് കത്തോലിക്കാ ചരിത്രത്തിലെ രണ്ട് പ്രമുഖ വ്യക്തികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പോളണ്ടിലെ കിരീടം വയ്ക്കാത്ത രാജാവായി അറിയപ്പെട്ട കർദിനാൾ സ്റ്റീഫൻ വിസ്സിൻസ്കി, കുരിശിന്റെ സേവകരായ ഫ്രാൻസിസ്കൻ സഹോദരിമാരുടെ സഭ സ്‌ഥാപിച്ച മദർ എൽസ്ബിയറ്റ റോസാ സാക്ക എന്നിവരെയാണ് വിശുദ്ധരുടെ നാമകരണത്തിനുള്ള വത്തിക്കാൻ തിരുസംഘത്തിലെ കർദിനാൾ മാഴ്‌സെലോ സെമെറാരോ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിലെ പ്രൊവിഡൻസ് ദേവാലയത്തിലാണ് പ്രഖ്യാപനം നടന്നത്.
കമ്മ്യൂണിസത്തിനെതിരായ സഭയുടെ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ കർദിനാളും കാഴ്ചപരിമിതരുടെ പരിചരണ സ്വഭാവത്തിൽ മാറ്റം വിപ്ലവം സൃഷ്ടിച്ച അന്ധയായ കന്യാസ്ത്രീ സാക്കയും സമൂഹത്തിന് അനുയോജ്യമായ സേവന മാതൃക വാഗ്ദാനം ചെയ്തുവെന്നു അദ്ദേഹം അനുസ്മരിച്ചു.
കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് അറസ്റ്റിലാവുകയും തടവിലാക്കപ്പെടുകയും ചെയ്ത കർദിനാൾ, ക്രിസ്തുവിന്റെ ഹൃദയത്തിനനുരൂപമായി എപ്പോഴും പ്രവർത്തിച്ച ധീരനായ ഒരു മതനേതാവും സ്വാതന്ത്ര്യത്തിന്റെയും മാനവികതയുടെയും വക്താവുമായിരുന്നു. പതിനെട്ടാം വയസിൽ കാഴ്ച നഷ്ടപ്പെട്ട മദർ എൽസ്ബിയറ്റ, അന്ധരെ സഹായിക്കാൻ തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചു. സ്നേഹത്തിന്റെ ശക്തിയിലൂടെ അന്ധകാരത്തെ വെളിച്ചമാക്കി മാറ്റാൻ ഇവരുടെ മാതൃക നമ്മെ പ്രോത്സാഹിപ്പിക്കട്ടെയെന്നു കർദിനാൾ മാഴ്സെലോ പ്രത്യാശ പ്രകടിപ്പിച്ചു.
വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പതിനെട്ടുകാരിയായ കരോലിന ഗാവ്‌റിച്ച് എന്ന പെൺകുട്ടി മദർ എൽസ്ബിയറ്റയുടെയും തൊണ്ടയിലെ ട്യൂമറിൽ നിന്ന് കർദിനാളിന്റെ മധ്യസ്‌ഥതയിലൂടെ സുഖം പ്രാപിച്ച സിസ്റ്റർ നുള്ള കർദിനാളിന്റെയും തിരുശേഷിപ്പുകൾ അൾത്താരയിൽ സമർപ്പിച്ചു. മദറിന്റെ സ്മരണയാചരണം മെയ് 19നും കർദിനാളിന്റേത് മെയ് 28നും ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
പോളണ്ടിൽ നിന്നും മറ്റുമായി ഒട്ടനേകം മെത്രാന്മാരും വൈദികരും സന്നിഹിതരായിരുന്നു. പ്രസിഡന്റ് ആന്ദ്രേ ഡുഡാ, പ്രധാനമന്ത്രി മത്തേവൂസ് മൊറാവിയെക്കി, ഉപ പ്രധാനമന്ത്രി ജറോസ്ളാ കസിൻസ്കി, പാപ്പയുടെ കാരുണ്യപ്രവർത്തികളുടെ ചുമതലക്കാരനായ കർദിനാൾ കോൺറാഡ്, കർദിനാൾ ഡൊമനിക് ഡ്യുക, കർദിനാൾ കസിമിയർ നൈക്സ്, ജോൺ പോൾ രണ്ടാമൻ പപ്പയുടെ പേഴ്‌സണൽ സെക്രട്ടറി ആയിരുന്നു കർദിനാൾ സ്റ്റാനിസ്ലോ ഡിസിവിച്ച് എന്നിവരും സംബന്ധിച്ചു.
ഇരുവരുടെയും നാമകരണത്തെപ്പറ്റി ഹംഗറിയിൽ ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനം കുറിച്ച് ഫ്രാൻസിസ് ദിവ്യബലി അർപ്പിച്ച അതെ സമയത്ത് തന്നെയാണ് പോളണ്ടിൽ രണ്ടു ധന്യരെ നാമകരണത്തിന്റെ അടുത്ത തലത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപിച്ചത്. സുവിശേഷത്തിനു സാക്ഷ്യം വഹിച്ച രണ്ടുപേരെ പോളണ്ടിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതായി ഫ്രാൻസിസ് പാപ്പ തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു.