തിരുവനന്തപുരം: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പ “പ്രാർത്ഥന” എന്ന വിഷയത്തെ കേന്ദ്രബിന്ദുവായി വിശ്വാസി സമൂഹത്തിന് പകർന്നു നൽകിയ പ്രബോധനങ്ങൾ ആദ്യമായി മലയാളത്തിൽ പുസ്തകരൂപത്തിൽ. ഒരു വർഷത്തോളം നീണ്ട പരിശുദ്ധ പിതാവിന്റെ പ്രബോധനങ്ങളെ ആസ്പദമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത വൈദികൻ റവ. ഫാ. ജൂഡിറ്റ് പയസ് ലോറൻസ് തയാറാക്കിയ സമാഹാരം “പ്രാർത്ഥനയുടെ മാർഗദീപങ്ങൾ” എന്ന പേരിൽ പുറത്തിറങ്ങി.
അതിരൂപതയുടെ ആത്മീയ പിതാക്കന്മാരായ ആർച്ച്ബിഷപ് ഡോ. സൂസപാക്യം മെത്രാപ്പോലീത്തയുടെയും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിന്റെയും സഹചാരിയായി പ്രവർത്തിച്ചിരുന്ന പയസ് അച്ചന്റെ പുസ്തകം അതേ പിതാക്കന്മാർ തന്നെയാണ് പ്രകാശനം ചെയ്തത്. ടിഎസ്എസ്എസ് ഹാളിൽ നടന്ന ചടങ്ങിൽ ആദ്യപ്രതി സഹായമെത്രാന് നൽകി സൂസപാക്യം പിതാവ് പ്രകാശനം നിർവഹിച്ചു.
വത്തിക്കാനിൽ ബനഡിക്ട് പതിനാറാമൻ പാപ്പയ്ക്കൊപ്പം ശുശ്രൂഷ ചെയ്തിരുന്ന ഫാ. പയസ് ഫ്രാൻസിസ് പാപ്പയെയും നേരിൽ കണ്ടിരുന്നു. തിരുവനന്തപുരം അതിരൂപതയുടെ പ്രോക്യൂറേറ്ററും, അതിരൂപതാ സ്‌ഥാപനങ്ങളുടെ ഡയറക്ടറുമായ അദ്ദേഹം ബാലരാമപുരം സെന്റ് സെബാസ്റ്റ്യൻ ഫൊറോന ഇടവക വികാരിയായും സേവനം ചെയ്യുന്നു.
2020 മെയ് മുതൽ വത്തിക്കാനിലെ പൊതു കൂട്ടായ്മകളിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പ നടത്തിയ പ്രബോധനങ്ങളാണ് പുസ്തകത്തിനു ആധാരം. ഫ്രാൻസിസ് പാപ്പയുടെ പുസ്‌തകങ്ങൾ മലയാളത്തിൽ പ്രസാധനം ചെയ്യുന്ന കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
തന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ പത്താം വർഷത്തിൽ ഇക്കാലമത്രയും തന്നെ സ്നേഹിച്ച, തനിക്ക് വേണ്ടി പ്രാർത്ഥിച്ച തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി നൽകുന്ന ആത്മീയ സമ്മാനമാണ് ഈ പുസ്തകമെന്ന് ഗ്രന്ഥകാരൻ പറഞ്ഞു. പ്രാർത്ഥനയാൽ നിറഞ്ഞ പയസച്ചന്റെ “ആത്മീയ സമ്മാനം” ഇനി വിശ്വാസികളിലേക്ക് . . .