വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും നിന്നും വത്തിക്കാനില്‍ എത്തിയ 7,000 കുട്ടികളുമായി കൂടിക്കാഴ്ച നടത്തി ഫ്രാന്‍സിസ് പാപ്പ. യുദ്ധഭൂമിയായ ഉക്രെയ്ന്‍, സിറിയ, പാലസ്തീന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ പ്രത്യേകം സ്വാഗതം ചെയ്ത പാപ്പ സമാധാനത്തിന്റെയും ലാളിത്യത്തിന്റെയും മൂല്യത്തെക്കുറിച്ചാണ് കുട്ടികളെ ഉദ്‌ബോധിപ്പിച്ചത്.
വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ തിങ്ങിനിറഞ്ഞ, 84 രാജ്യങ്ങളില്‍ നിന്നുള്ള 7,500 കുട്ടികള്‍ക്കിടയില്‍ മാര്‍പ്പാപ്പ മറ്റൊരു കുട്ടിയായി മാറുകയായിരുന്നു. കുട്ടികളോട് അവരുടെ ഭാഷയില്‍ സംസാരിച്ച പാപ്പയുടെ ഓരോ മറുപടികളും നിറഞ്ഞ കൈയടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.
സ്വാഗതം ചെയ്യുന്ന ഹൃദയവും നീട്ടിയ കൈകളും ചേരുമ്പോഴാണ് സമാധാനം സൃഷ്ടിക്കപ്പെടുന്നതെന്ന്, തന്നെ കാണാനെത്തിയ കുഞ്ഞുങ്ങളോട് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നിങ്ങളുടെ നിഷ്‌കളങ്കമായ സന്തോഷത്തിലൂടെയും പരിശുദ്ധിയിലൂടെയും ലോകത്തെ പഠിപ്പിക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ദേഷ്യത്തോടെ ഒരാളോടു പ്രതികരിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണമെന്നും പുഞ്ചിരിയോടെ ഉപദേശിച്ചു.
ബ്രസീലിലെ ആമസോണില്‍ നിന്നുള്ള കുട്ടികള്‍ വേദിയില്‍ ഗാനങ്ങള്‍ ആലപിച്ചത് ശ്രദ്ധേയമായി. 14 രാജ്യങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കായിരുന്നു മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ലഭിച്ചത്.
യുദ്ധഭൂമിയായ ഉക്രെയ്‌നില്‍ നിന്നുള്ള ഇവാന്‍ എന്ന കൊച്ചുമിടുക്കന്റെ ചോദ്യം സമാധാനം എങ്ങനെ ഉണ്ടാകുന്നു എന്നായിരുന്നു. അവനെ അരികിലേക്കു വിളിച്ച് ചേര്‍ത്തു നിര്‍ത്തിയായിരുന്നു പാപ്പ മറുപടി നല്‍കിയത്. ‘ഇതൊരു കടുപ്പമുള്ള ചോദ്യമാണ്. യുദ്ധമുണ്ടാക്കാനും മറ്റുള്ളവരെ നശിപ്പിക്കാനും എളുപ്പമാണ്. എന്നാല്‍ സമാധാനം സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാനാവില്ല. അതൊരു ഭാവമാണ്. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കൈകള്‍ നീട്ടി നമുക്ക് എല്ലാവരെയും സ്വാഗതം ചെയ്യാം.
നിങ്ങള്‍ സമാധാനംം ആഗ്രഹിക്കുന്നുവോ? പാപ്പ ചോദിച്ചു. എങ്കില്‍ കൈകള്‍ നീട്ടി നിങ്ങളുടെ കൂട്ടുകാരെ സ്വാഗതം ചെയ്യാം. കുട്ടികള്‍ എല്ലാവരും കൈകള്‍ നീട്ടി സമാധാനത്തിനായുള്ള തങ്ങളുടെ വാഗ്ദാനം പ്രകടിപ്പിച്ചു.
‘സമാധാനം മനോഹരമാണ്!’- മാര്‍പാപ്പ പറഞ്ഞപ്പോള്‍ കുട്ടികളും അത് ഉച്ചത്തില്‍ ഏറ്റുപറഞ്ഞു. യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികള്‍ക്കായി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നിശബ്ദമായി ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥന നടത്തിയാണ് കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.